പയ്യന്നൂർ: നിയമക്കുരുക്കുകളും സാങ്കേതിക പ്രശ്നങ്ങളും തടസമായതോടെ വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് മൈതാനിക്ക് ശാപമോക്ഷമാകുന്നു.
പോലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സ്കൂള്‍ വിദ്യാര്‍ഥികളുടെ പോരാട്ടങ്ങളുടെ ഫലമായാണ് കേസുകളില്‍ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കാന്‍ നടപടിയാരംഭിച്ചത്.
ഇതിന്റെ ഭാഗമായി പയ്യന്നൂര്‍ പോലീസ് മൈതാനിയില്‍ കൂട്ടിയിട്ടിരുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനാരംഭിച്ചു. പുറക്കുന്ന് തവിടിശ്ശേരി ഗവ.ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രൊജക്ടിന്റെ ഭാഗമായാണ് “വാഹന വ്യവഹാരങ്ങളില്‍പെട്ട് ഒടുങ്ങുന്ന ധാതുസമ്പത്ത്’ എന്ന വിഷത്തില്‍ പോലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങളെപ്പറ്റി പഠനം നടത്തിയത്.
സയന്‍സ് പ്രൊജക്ട് ഗൈഡ് ആയിരുന്ന കെ.സി.സതീശന്റെ നിര്‍ദ്ദേശത്തില്‍ 2017-ല്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും ഗ്രൂപ്പ് ലീഡറുമായ ഇ.വിസ്മയയുടെ നേതൃത്വത്തിലാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്.
വാഹനങ്ങള്‍ കുറ്റം ചെയ്യുന്നില്ലെന്നും കുറ്റകൃത്യങ്ങള്‍ക്കുള്ള കേവലം ഉപകരണങ്ങളായി മാത്രം പ്രവര്‍ത്തിക്കുകയാണെന്നും കുട്ടികള്‍ അവരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ഇവയെ രാജ്യത്തിന്റെ പുരോഗതിയ്ക്ക് പ്രയോജനപ്പെടും വിധം ഉപയോഗിക്കണമെന്നും മന്ത്രിമാര്‍ക്കും അധികാരികള്‍ക്കും നല്കിയ അവരുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതില്‍ ഫലംകാണാത്തതിനാല്‍ അഭിഭാഷകന് മുഖേന കുട്ടികള്‍ ഹൈക്കോടതിയെ സമീപിക്കുകയും കൂട്ടിയിട്ടിരുന്ന വാഹനങ്ങള്‍ നീക്കം ചെയ്യണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയുമായിരുന്നു.
ഇതേതുടര്‍ന്നാണ് വാഹനങ്ങള്‍ ലേലത്തില്‍ വെക്കുന്നതിനും ലേലംകൊണ്ടവര്‍ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുമുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചത്.
ഇതോടെയാണ് സ്വാതന്ത്ര്യ സമര സ്മരണകള്‍ അലയടിച്ചിരുന്ന പയ്യന്നൂര്‍ പോലീസ് മൈതാനിക്ക് ശാപമോക്ഷത്തിനുള്ള വഴിതെളിഞ്ഞത്.