പയ്യന്നൂര്‍: രണ്ടെണ്ണമടിച്ച് ഇനി പയ്യന്നൂര്‍ നഗരത്തില്‍ വിലസി നടക്കാമെന്ന മോഹം ആര്‍ക്കും വേണ്ട. നഗരപരിധിയിലെ മദ്യപ ശല്യത്തിനെതിരെ ശക്തമായ നടപടികളുമായാണ് പോലീസ് രംഗത്തിറങ്ങിയിരിക്കുന്നത്.
ഇന്നലെ പോലീസിന്റെ വലയില്‍ കുരുങ്ങിയത് മൂന്ന് പേരാണ്.കുട്ടികളെ കയറ്റി പോകുന്ന ഓട്ടോ തായിനേരി പള്ളിഹാജി റോഡില്‍ മറിഞ്ഞ സംഭവമുണ്ടായിരുന്നു.വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഇതിന്റെ ഡ്രൈവര്‍.ഓട്ടോയില്‍ കുട്ടികളില്ലാതിരുന്നതിനാലാണ് ദുരന്തങ്ങള്‍ ഒഴിവായത്. ഇതിന്റെ ഡ്രൈവര്‍ കണ്ടങ്കാളിയിലെ 42കാരനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
രാവിലെ പഴയ ബസ്സ്റ്റാൻഡിലെ ബസിലായിരുന്നു ശ്രികണ്ഠാപുരം സ്വദേശിയായ 44കാരന്റെ പരാക്രമം.മദ്യലഹരിയില്‍ ബസിലെ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ ഇയാളുടെ പേരിലും പോലീസ് കേസെടുത്തു.രാത്രിയില്‍ പോലീസ് സ്റ്റേഷന് റോഡിലായിരുന്നു കൊളപ്രം സ്വദേശിയായ 22കാരന്റെ കസര്‍ത്ത്.വിവരമറിഞ്ഞെത്തിയ പോലീസിനോട് തട്ടിക്കയറിയ ഇയാളുടെ പേരിലും പോലീസ് കേസെടുത്തു.
ഇന്നലെ വൈകുന്നേരം മദ്യലഹരിയില്‍ ബസ്സ്റ്റാൻഡിലെ വിശ്രമ കേന്ദ്രത്തിന് സമീപം മദോന്മത്തനായി വെല്ലുവിളി നടത്തിയിരുന്ന കക്ഷിക്ക് പെട്ടെന്ന് വയറ്റിലെ ലഹരി ആവിയായി പോകുന്നതും ഓട്ടോ വിളിച്ച് സ്ഥലം വിടുന്ന കാഴ്ചയും കണ്ടു. മദ്യപന്മാരെ പിടികൂടാനായി ബസ്സ്റ്റാൻഡിൽ നിയോഗിക്കപ്പെട്ട പോലീസിനെ കണ്ടതോടെയായിരുന്നു ഈ ഭാവമാറ്റം.
25ന് മൂന്നുപേരുടെ പേരിലും 24ന് നാലുപേരുടെ പേരിലും പോലീസ് കേസെടുത്തിരുന്നു. ഒരാഴ്ചക്കുള്ളില്‍ ഇരുപതോളം പേരാണ് പോലീസിന്റെ വലയില്‍ കുരുങ്ങിയത്.തുടര്‍ന്നുള്ള ദിവസങ്ങളിലും മദ്യപശല്യത്തിനെതിരേയും മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരേയും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ ശ്രീജിത്ത് കൊടേരി പറഞ്ഞു.
റോഡിലെ നിയമലംഘകര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് നടത്തിയ കാമറ പ്രയോഗത്തോടെ ഒരുപാട് നല്ല മാറ്റങ്ങളാണുണ്ടായത്.നിരവധിപേര്‍ കേസുകളില്‍ കുടുങ്ങിയെങ്കിലും ഇരുചക്ര വാഹനങ്ങള്‍ മൂലമുള്ള അപകടം വളരെയേറെ കുറയ്ക്കാന്‍ സാധിച്ചതായും ബഹുഭൂരിപക്ഷം ആളുകളും ഗതാഗത നിയമം പരമാവധി പാലിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.ഇതേ കാമറ പ്രയോഗം മദ്യപിച്ച് ശല്യം ചെയ്യുന്നവരുടെ കാര്യത്തിലും പരീക്ഷിക്കാനുള്ള ആലോചനയിലാണ് പോലീസ്.