പയ്യന്നൂര്‍: പയ്യന്നൂര്‍ പോലീസിന് കൃത്യനിര്‍വഹണത്തിനിടയില്‍ പലപ്പോഴും വില്ലനായി എത്താറുള്ളത് ഭാഷയാണ്. നേവല്‍ അക്കാദമിയുടെ സാന്നിധ്യവും ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ ആധിക്യവുമുള്ള പയ്യന്നൂര്‍ പോലീസിന് ഭാഷാപ്രശ്നം കീറാമുട്ടിതന്നെയായിരുന്നു.
അപൂര്‍വം ചിലര്‍ക്ക് ഹിന്ദി വശമുണ്ടെങ്കിലും അവര്‍ മറ്റുഡ്യൂട്ടികള്ക്കായി പോയിരിക്കുകയാണെങ്കില്‍ ഹിന്ദി നഹി മാലൂം എന്ന പറച്ചിലും പിന്നെ കുറച്ച് ആംഗ്യഭാഷകളുമാണ് ശരണം.
എന്നാല്‍ ഇനി പയ്യന്നൂര്‍ പോലീസ് ഹിന്ദികേട്ടാല് പതറില്ല. ഹിന്ദിപഠിക്കാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. ഇതിനായി ത്രിവാര ഹിന്ദി പരിശീലന കോഴ്സിനാണ് ഇന്നുമുതല്‍ തുടക്കമായത്.
പയ്യന്നൂര്‍ കോളജ് ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്കായി ഹിന്ദി പരിശീലന കോഴ്സ് നടത്തുന്നത്.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഇന്നുരാവിലെ ജനമൈത്രി ഹാളില്‍ പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി.പ്രമോദ് നിര്‍വഹിച്ചു.കൃത്യനിര്‍വഹണത്തിനിടയില്‍ ഭാഷാപ്രശ്നം വലിയ വെല്ലുവിളിയായിരുന്നുവെന്നും അതുപരിഹരിക്കാനുള്ള നാളുകളായുള്ള ആഗ്രഹമാണ് സഫലമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂര്‍ കോളജ് ഹിന്ദി വിഭാഗം പ്രിന്‍സിപ്പൽ ഡോ.എ.സി.ശ്രീഹരി അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ എസ്ഐ പി.ബാബുമോന്, എസ്ഐ ശരണ്യ,കോർഡിനേറ്റര്‍ ഡോ.വിഷ്ണു, ഡോ.പ്രീതി എന്നിവര്‍ സംസാരിച്ചു.
ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന ഡോ.സിന്ദു,ഡോ.ശ്രീകാന്ത് എന്നിവരും പയ്യന്നൂരിലെ പോലീസുകാരും പരിപാടിയില്‍ സംബന്ധിച്ചു.