പയ്യന്നൂർ കെഎസ്ആർടിസിയിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച മനോഹരമായ ഒരു കെട്ടിടം ഉണ്ട്. അതാരും ഒരുപക്ഷേ കണ്ടു കാണില്ല. കാണാനുള്ള സൗകര്യമില്ലാത്തിടത്താണ് ഈ കെട്ടിടം നിർമിച്ചിരിക്കുന്നത്. ലേഡീസ് കംഫര്‍ട്ട് സ്റ്റേഷന് എന്ന ഓമന പേരിലറിയപ്പെടുന്ന ഈ കെട്ടിടത്തിലേക്ക് ആരും വരാറുമില്ല. എട്ടുവർഷമായി ഈ കെട്ടിടം പണിതിട്ട്. എപ്പോഴും തുറന്നിടില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
വിശ്രമം ആവശ്യമുള്ളവര്‍ സ്റ്റേഷന് മാസ്റ്ററോട് ചെന്ന് പറഞ്ഞാല്‍ തുറന്നുകൊടുക്കും. അതിനാരും മിനക്കെടാറില്ലാത്തതിനാല് കഴിഞ്ഞ കുറെ നാളുകളായി ഇത് ആരും തുറക്കാറില്ല. വിശ്രമിക്കാനായി വനിതാ യാത്രക്കാരില്ലാഞ്ഞിട്ടല്ല; മറിച്ച് ബസ്സ്റ്റാൻഡിന്റെ വിജനമായ മൂലയിലെ ഈ കെട്ടിടത്തിലേക്ക് പോകാനുള്ള മടികൊണ്ടാണ്.
പലര്‍ക്കും പയ്യന്നൂര്‍ ഡിപ്പോയില്‍ ഇങ്ങനെയൊരു സ്ഥാപനം ഉണ്ടെന്ന്കൂടി അറിയില്ല എന്നതാണ് വസ്തുത. ഇവിടെയിരുന്നാൽ ബസുകള്‍ വരുന്നതും പോകുന്നതും കാണാനും കഴിയില്ല. 2011 ഓഗസ്റ്റ് ആറിന് അന്നത്തെ ഗതാഗത മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്ത കെഎസ്ആര്‍ടിസിയുടെ കെട്ടിടത്തിന്റെ അവസ്ഥയാണിത്.
ഇപ്പോഴിവിടെ വിശ്രമിക്കുന്നത് മുകളില്‍ സ്ഥാപിച്ച മങ്ങിയ ബോര്‍ഡ് മാത്രമാണ്. പണം മുടക്കുന്നത് എവിടെയെങ്കിലുമായാല് പോരാ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലായിരിക്കണമെന്നതിന്റെ ഉദാഹരണമായി മാറുകയാണ് ഈ കെട്ടിടം.