പയ്യന്നൂര്‍: ഉത്സവാഘോഷത്തിനിടയില്‍ നിരവധിയാളുകള്‍ക്ക് ഭക്ഷ്യവിഷബാധ. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി മുന്നൂറോളംപേര്‍ ചികിത്സതേടി. ചെറുതാഴം കോക്കാട് മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിനെത്തിയവര്ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഭക്ഷ്യവിഷബാധയേറ്റവരില്‍ ഹെല്‍ത്ത് ഇന്സ്പെക്ടറുമുള്പ്പെടും.
ഇരുന്നൂറിലധികം പേര് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ മാത്രം ചികിത്സ തേടി. മറ്റ് ആശുപത്രികളിലടക്കം ചികിത്സ തേടിയ മുന്നൂറോളം പേരില്‍ ഏതാനുംപേര്‍ മാത്രമാണ് കിടത്തി ചികിത്സയിലുള്ളത്. മറ്റുള്ളവര്‍ക്ക് ഇഞ്ചക്ഷനും മരുന്നും നല്കി വിട്ടു. ആരുടെയും നില ഗുരുതരമല്ല.
ഛര്‍ദ്ദിയും വയറിളക്കവുമായി ശനിയാഴ്ച രാത്രിമുതലാണ് ആശുപത്രികളിലേക്കുള്ള ഒഴുക്ക് തുടങ്ങിയത്. അസ്വസ്ഥതകളുണ്ടായിട്ടും ചികിത്സ തേടാതെ വീടുകളില്‍ത്തന്നെ കഴിയുന്നവരും നിരവധിയാണ്. ഉത്സവപ്പറമ്പില്‍നിന്നും ഐസ്ക്രീം, വത്തക്ക, മുളകുബജി, ഓംലറ്റ് എന്നിവ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഉത്സവത്തിന്റെ ഭാഗമായി വിതരണം ചെയ്ത അന്നപ്രസാദം മാത്രം കഴിച്ചവരും ചികിത്സ തേടിയവരിലുണ്ട്.
ക്ഷേത്രത്തിലെ ഭക്ഷണമൊരുക്കുന്നതിന് മുമ്പായി ആവശ്യമായ പരിശോധനകളും ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നതായി ആരോഗ്യ വകുപ്പധികൃതര്‍ പറയുന്നു. ഇന്നലെ സംഭവമറിഞ്ഞയുടന്‍ ഫുഡ് സേഫ്റ്റി ഇന്‍സ്പെക്ടര്‍ സ്ഥലത്തെത്തി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ഇതിന്റെ പരിശോധനാഫലം വന്നാല്‍ മാത്രമേ കാരണം കണ്ടെത്താനാകൂ എന്നാണ് ആരോഗ്യ വകുപ്പധികൃതര്‍ നല്കുന്ന വിശദീകരണം. അതേസമയം പരിശോധനക്കായി സംഭവ ദിവസത്തെ ഭക്ഷണ സാമ്പിളുകള്‍ എടക്കാന്‍ പറ്റിയിട്ടില്ല. എന്നതിനാല്‍ ഇന്നലെയെടുത്ത ഭക്ഷണ സാമ്പിളുകളില്‍നിന്ന് കാരണം കണ്ടെത്താനാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.