പയ്യന്നൂര്‍: തൊഴില്‍ സ്തംഭനം പരിഹരിക്കണമെന്നും ഖാദി ബോര്‍ഡിന്റെ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിനു കീഴിലെ തൊഴിലാളികള്‍ സമരം നടത്തുമ്പോള്‍ തുണിത്തരങ്ങള്‍ നെയ്തെടുക്കാനായി നൂലുകള്‍ തമിഴ്നാട്ടിലേക്കു കയറ്റിയയക്കുന്നു. പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിനു കീഴിലുള്ള 3,500 ഓളം തൊഴിലാളികള്‍ക്കു ജോലി നല്‍കാതെയാണു തമിഴ്നാട്ടിലേക്കു പയ്യന്നൂര്‍ ഖാദികേന്ദ്രത്തില്‍ കെട്ടിക്കിടക്കുന്ന നൂലുകള്‍ കയറ്റിയയക്കുന്നത്.
ഇവിടെ തുണിയുടെ ഉത്പാദനം കുറച്ചതിനെ തുടര്‍ന്ന് കെട്ടിക്കിടക്കുന്ന നൂലുകളാണു തമിഴ്നാട്ടിലെ വിവിധ മില്ലുകളിലേക്കു കയറ്റിയയക്കുന്നത്.കയറ്റിയയക്കുന്ന നൂലുകള്‍ക്കു പകരം പണമീടാക്കാതെ ഇവ ഉപയോഗിച്ചു നെയ്ത തുണിത്തരങ്ങള്‍ തിരികെ വാങ്ങുകയാണു ഖാദി കേന്ദ്രം ചെയ്യുന്നത്. ഇത്തരത്തില്‍ തിരികെയെത്തുന്ന തുണിത്തരങ്ങള്‍ പയ്യന്നൂര്‍ ഖാദി എന്ന ലേബലില്‍ വിറ്റഴിക്കാനുള്ള ശ്രമങ്ങളാണു നടത്തുന്നതെന്ന് തൊഴിലാളികൾ ആരോ പിക്കുന്നു.
പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിനു കീഴില്‍ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലായി 72 നൂല്നൂല്പ് കേന്ദ്രങ്ങളും 65 നെയ്ത്ത് കേന്ദ്രങ്ങളുമാണുള്ളത്. നെയ്ത്തിനാവശ്യമായ നൂലുകള്‍ ഉത്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നെയ്ത്ത് കുറച്ചതോടെയാണ് ഇവിടെ നൂലുകള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങിയത്. വില്പന കുറഞ്ഞതാണു ഖാദി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതെന്ന് അധികൃതര്‍ പറയുന്നു.
നെയ്ത്തിനേക്കാള്‍ കൂടുതലായി നൂലുത്പാദനം കൂടിയതാണു നൂലുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാക്കിയത്. നാലുകോടി രൂപ വിലമതിക്കുന്ന 17 ലക്ഷം കഴി നൂലുകളാണു കെട്ടിക്കിടക്കുന്നത്. കൂടുതല്‍കാലം കെട്ടിക്കിടന്നാല്‍ നൂലുകള്‍ പൊടിഞ്ഞുപോകും. ഖാദി കമ്മീഷന്റെ കീഴിലുള്ള തമിഴ്നാട്ടിലെ സ്ഥാപനങ്ങളില്‍ നിന്നാണ് ഇവിടെ ഉദ്പാദിപ്പിക്കാത്ത തുണിത്തരങ്ങളാക്കുന്നത്. 25 കോടി രൂപയുടെ തുണിത്തരങ്ങളാണു ഖാദി കേന്ദ്രത്തില്‍ വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുന്നത്.
വിപണനത്തിലെ പോരായ്മകളാണു വില്പന കുറയ്ക്കാനിടയാക്കിയതെന്നു തൊഴിലാളികളും സംഘടനാ പ്രതിനിധികളും പറയുന്നു. പയ്യന്നൂര്‍ ഖാദി കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ സ്റ്റാളുകളിലല്ലാതെ മറ്റെവിടെയും അധികൃതര്‍ ലഭ്യമാക്കുന്നില്ലെന്നു തൊഴിലാളികള്‍ ചൂണ്ടിക്കാണിക്കുന്നു.
പാരമ്പര്യവും ഗുണനിലവാരവുമുള്ള പയ്യന്നൂര്‍ ഖാദിയെ അധികൃതര്‍ അവഗണിക്കുകയാണെന്നും തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. കെട്ടിക്കിടക്കുന്ന നൂലുപയോഗിച്ച് ഇവിടെയുള്ള ഖാദി തൊഴിലാളികള്‍ക്കു ജോലിനല്‍കാതെ തമിഴ്നാട്ടിലേക്കു കയറ്റിയക്കുന്നതിനെതിരേയും പ്രതിഷേധമുയരുന്നുണ്ട്.