പയ്യന്നൂര്‍: സാമൂഹ്യ വിരുദ്ധരുടെ താവളമായി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്. ഇവിടെ ഒരുമാസത്തിനുള്ളില്‍ അരങ്ങേറിയത് ആറോളം പോക്കറ്റടികളും പിടിച്ചുപറിയും.യാത്രക്കാരുടെ അടിയന്തിര സഹായത്തിനുള്ള റെയില്‍ അലര്‍ട്ട് നമ്പറായ 152 നോക്കുകുത്തിയാണെന്ന ആക്ഷേപവും നിലനില്ക്കുന്നു. ദുരൂഹ മരണങ്ങളും മോഷണത്തിന് വേണ്ടിയുള്ള കൊലപാതകങ്ങളും അരങ്ങേറിയിട്ടുള്ള പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സാമൂഹ്യ വിരുദ്ധരുടെ താവളമായി.
ഒരു മാസത്തിനുള്ളില്‍ പോക്കറ്റടികളും മാല അപഹരണങ്ങളുമുള്പ്പെടെ ആറോളം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഇവിടെ അരങ്ങേറിയത്.രണ്ടാഴ്ച മുമ്പ് മംഗളൂരുവിൽ നിന്നും വൈദ്യ പരിശോധനക്കായി പയ്യന്നൂരിൽ നിന്നും ട്രെയിന്‍ കയറിയ ദമ്പതികളുടെ 21,000 രൂപ പോക്കറ്റടിച്ചതിനെ തുടര്‍ന്ന് ദമ്പതികള്‍ യാത്ര തുടരാനാവാതെ തിരിച്ച് വന്ന സംഭവമുണ്ടായിരുന്നു.
കഴിഞ്ഞയാഴ്ച ട്രെയിന്‍ കയറുന്നതിന്റെ തിരക്കിനിടയില്‍ കവ്വായി സ്വദേശിയുടെ ആറായിരം രൂപ പോക്കറ്റടിച്ചിരുന്നു.കഴിഞ്ഞ ഞായറാഴ്ച നീലേശ്വരത്ത് പോയി തിരിച്ച് വരികയായിരുന്ന വീട്ടമ്മയുടെ മൂന്ന് പവന്റെ മാലയാണ് പയ്യന്നൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ തസ്ക്കരന് വലിച്ച് പൊട്ടിച്ച് ഓടിയത്.
വിവരമറിഞ്ഞ സഹയാത്രികര്‍ റെയില്‍വേ അലര്‍ട്ട് നമ്പറായ 152 ലേക്ക് പലവട്ടം വിളിച്ചിട്ടും പ്രതികരണമില്ലായിരുന്നു എന്ന പരാതിയുമുണ്ട്.വൈകുന്നേരം മൂന്നരയ്ക്കും നാലിനുമിടയിലാണ് പോക്കറ്റടിയും പിടിച്ച് പറിയും നടക്കുന്നത്.നാലരയോടെ എത്തുന്ന രണ്ടു ട്രെയിനുകളിലാണ് സാമൂഹ്യ വിരുദ്ധര്‍ രക്ഷപ്പെടുന്നത്.ട്രെയിനിലെത്തി സമീപത്തെ വീടുകളില്‍ കവര്‍ച്ച നടത്തുന്ന സംഘത്തിലൊരുവനെ കഴിഞ്ഞയാഴ്ച പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയിരുന്നു.
റെയില്‍വേ സ്റ്റേഷന് സമീപത്തെ പൊന്തക്കാടുകള്‍ നിറഞ്ഞ് കിടക്കുന്ന റെയില്‍വേയുടെ അധീനതയിലുള്ള പറമ്പുകള്‍ സാമൂഹ്യ വിരുദ്ധരുടെ ഒളിത്താവളമായി മാറിയിരിക്കുകയാണ്.റെയില്‍വേ സ്റ്റേഷനില്‍ സിസിടിവി സ്ഥാപിക്കുമെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങള്‍ ഇപ്പോഴും വാഗ്ദാനങ്ങള്‍ മാത്രമായി ഒതുങ്ങുകയാണ്.