പയ്യന്നൂര്‍: പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ ലേബര്‍ വെല്‍ഫെയര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്നുള്ള കേസന്വേഷണത്തിനിടയില്‍ അനധികൃത നിയമനമുള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതോടെ കോണ്‍ഗ്രസ് അണികളില്‍ പൊട്ടിത്തെറി രൂക്ഷമായി.
കോണ്‍ഗ്രസ് ഒബിസി ജില്ലാ കോ-ഓർഡിനേറ്റര്‍ പ്രസിഡന്റായുള്ള സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്നാണ് സൊസൈറ്റിയിലെ നിയമനവും താത്കാലിക ജീവനക്കാരുടെ അനധികൃത നിയമനവും പുറത്ത് വന്നത്. ആവശ്യമായ യോഗ്യതകളില്ലാത്ത രണ്ടു യുവതികളെ സെക്രട്ടറി അവധിയില്‍ പോയ സമയത്ത് ജോലിക്കായി നിയോഗിച്ച സംഭവമാണ് വിവാദമായിരിക്കുന്നത്.
ഉന്നത നേതാക്കളില്‍ ചിലര്‍ സൊസൈറ്റി പ്രസിഡന്റിന്റെ കൂടെയുണ്ടെങ്കിലും തട്ടിപ്പുകള്‍ക്ക് കൂട്ടുനില്ക്കാന് മടിക്കുന്ന പയ്യന്നൂരിലെ ഒരു വിഭാഗം മുഖം തിരിച്ചതാണ് ചേരിപ്പോരിലെത്തിയത്. നേതൃത്വത്തിന് തലവേദനയായതോടെ സമീപ കാലത്ത് എറെ വിവാദമായ കരിവെള്ളൂര്‍ സൊസൈറ്റിയിലെ മുക്കുപണ്ട തട്ടിപ്പും നേതൃത്വം കയ്യൊഴിഞ്ഞിരിക്കുകയാണ്.