കാസര്‍ഗോഡ്: കല്യാശേരി അടക്കം മറ്റു നിയമസഭാ മണ്ഡലങ്ങളിലെ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ തിരിച്ചടി നേരിട്ടപ്പോഴും ഇടതുമുന്നണിക്ക് ആശ്വാസം പകര്‍ന്ന മണ്ഡലമാണ് പയ്യന്നൂര്‍. മണ്ഡലത്തില്‍ കാലങ്ങളായി ഇടതുമുന്നണിയെ മാത്രം ജയിപ്പിച്ചുപോരുന്ന പഞ്ചായത്തുകളും നഗരസഭയും ഇത്തവണയും കാര്യമായ മങ്ങലുകളില്ലാതെ ചുവപ്പുനിറം കാത്തുസൂക്ഷിച്ചു. അതേസമയം മലയോരത്തെ ചെറുപുഴ, പെരിങ്ങോം-വയക്കര പഞ്ചായത്തുകളില്‍ നടത്തിയ മുന്നേറ്റം മണ്ഡലത്തിലെ ഇടതു ഭൂരിപക്ഷം കുറയ്ക്കാന്‍ യുഡിഎഫിന് സഹായകമായി.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.കരുണാകരന് 28142 വോട്ടിന്റെ ഭൂരിപക്ഷം നേടിക്കൊടുത്ത പയ്യന്നൂര്‍ ഇത്തവണ സതീഷ് ചന്ദ്രന് 26131 വോട്ട് ഭൂരിപക്ഷമാണ് നല്‍കിയത്. മണ്ഡലത്തില്‍ യുഡിഎഫ് ഭരണത്തിലുള്ള ഏക പഞ്ചായത്തായ ചെറുപുഴ രാജ്മോഹന്‍ ഉണ്ണിത്താന് 3848 വോട്ടിന്റെ ഭൂരിപക്ഷം നല്കി.
പഞ്ചായത്തിലെ യുഡിഎഫ് വോട്ടുകള്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ 9810 ല്‍ നിന്ന് 11335 ആയി ഉയര്‍ന്നപ്പോള്‍ എല്‍ഡിഎഫ് വോട്ടുകള്‍ 8056 ല്‍ നിന്ന് 7487 ആയി കുറഞ്ഞു. പഞ്ചായത്തില്‍ ഇടക്കാലത്ത് കേരള കോണ്‍ഗ്രസ് മുന്നണി മാറിയതിനെ തുടര്‍ന്നുണ്ടായ ഭരണമാറ്റത്തിനു ശേഷം അടുത്തിടെയാണ് യുഡിഎഫ് ഭരണം പുനഃസ്ഥാപിക്കപ്പെട്ടത്.
തൊട്ടടുത്ത പെരിങ്ങോം-വയക്കരയില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം 1707 വോട്ടുകള്‍ മാത്രമാണ്. ഇടത് വോട്ടുകള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ 9197 ല്‍ നിന്ന് 8901 ആയി കുറഞ്ഞപ്പോള്‍ യുഡിഎഫ് 6835 ല്‍ നിന്ന് 7194 ആയി ഉയര്‍ന്നു.ഒന്നൊഴികെ എല്ലാ വാര്‍ഡുകളും എല്‍ഡിഎഫ് നേടിയ എരമം-കുറ്റൂരിലും എല്‍ഡിഎഫ് വോട്ടുകളില്‍ നേരിയ കുറവും യുഡിഎഫ് വോട്ടുകളില്‍ വര്‍ധനവുമുണ്ടായി. എല്‍ഡിഎഫ് വോട്ട് 12236 ല്‍ നിന്ന് 11352 ആയപ്പോള്‍ യുഡിഎഫിന്റേത് 5547 ല്‍ നിന്ന് 6685 ആയി. എല്‍ഡിഎഫ് ഭൂരിപക്ഷം 4667.
ഇരുമുന്നണികളും ഏറെക്കുറെ തുല്യശക്തികളായ രാമന്തളി പഞ്ചായത്തില്‍ ഇത്തവണ യുഡിഎഫ് 321 വോട്ടിന്റെ നേരിയ ഭൂരിപക്ഷം നേടി. എല്‍ഡിഎഫിന് 6071 വോട്ടുകളും യുഡിഎഫിന് 6392 വോട്ടുകളുമാണ് കിട്ടിയത്. ഒരു വാര്‍ഡിന്റെ വ്യത്യാസത്തിലാണ് പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചത്. എല്ലാ വാര്‍ഡുകളും എല്‍ഡിഎഫിന്റെ കൈവശമുള്ള കാങ്കോല്‍-ആലപ്പടമ്പില്‍ ഇടതുപക്ഷത്തിന് മുന്നൂറോളം വോട്ടുകള്‍ കുറഞ്ഞപ്പോള്‍ യുഡിഎഫിന് 582 കൂടി. ഇവിടെ എല്‍ഡിഎഫ് 10086, യുഡിഎഫ് 3317 എന്നിങ്ങനെയാണ് വോട്ടുനില.
ഇതേനിലയിലുള്ള കരിവെള്ളൂര്‍-പെരളം പഞ്ചായത്തില്‍ ഇത്തവണ എല്‍ഡിഎഫിന് 10810 ഉം യുഡിഎഫിന് 3523 ഉം വോട്ടുകളാണ് ലഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫിന് 204 വോട്ടും യുഡിഎഫിന് 91 വോട്ടും കുറഞ്ഞു. പയ്യന്നൂര്‍ നഗരസഭയില്‍ ഇരുമുന്നണികള്‍ക്കും വോട്ടുകൂടി. ഇവിടെ ഇടതുമുന്നണിക്ക് പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്.