പയ്യന്നൂർ/തളിപ്പറന്പ്: കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിനുപോവുകയായിരുന്ന തൃശൂർ സ്വദേശികൾ സഞ്ചരിച്ച കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു പുലർച്ചെ നാലോടെ പയ്യന്നൂർ എടാട്ട് കോളജ് ബസ് സ്റ്റോപ്പിന് അടുത്തുവച്ചായിരുന്നു അപകടം.
തൃശൂർ കൂർക്കഞ്ചേരിയിലെ ബിന്ദുലാൽ (48), മകൾ ദിയ (10) സഹോദരി ബിംബിതയുടെ മക്കളായ തരുൺ (16), ഐശ്വര്യ (12) എന്നിവരാണ് മരിച്ചത്. ബിന്ദുലാലിന്റെ അമ്മ പത്മാവതി, ഭാര്യ അനിത, മകൾ നിയ, സഹോദരി ബിംബിത എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ പരിയാരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്. കൊല്ലൂർ മൂകാംബികയിലേക്ക് പോവാനായി ഇന്നലെ രാത്രി 10.30ഓടെ തൃശൂരിൽനിന്ന് ഇവർ യാത്ര തിരിച്ചു. മംഗലാപുരത്ത് നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയുമായാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് എടാട്ട് പയ്യന്നൂർ ദേശീയപാതയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. പയ്യന്നൂർ പോലീസ് സംഭവസ്ഥലത്തെത്തിയാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തത്.