പയ്യന്നൂര്‍: ക്രിസ്മസ് കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ പയ്യന്നൂര്‍ കോളജിലെ അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരായ 18 പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കെഎസ് യു പ്രവര്‍ത്തകരായ മൂന്നുപേരുടെ പരാതിയിലാണ് മൂന്ന് കേസുകളെടുത്തത്.
അര്ജുന് ദേവിന്റെ പരാതിയില്‍ 3 പേര്‍ക്കെതിരേയും ആകാശ് ഭാസ്കരന്റെ പരാതിയില്‍ രണ്ടുപേർക്കെതിരേയും കേസെടുത്തു. പയ്യന്നൂര്‍ കോളജിലുണ്ടായ ആക്രമണങ്ങള്‍ക്ക് ശേഷം കുഞ്ഞിമംഗലം എടാട്ട് വെച്ച് തടഞ്ഞു നിര്‍ത്തുകയും പിന്നീട് ബൈക്കില്‍ പിന്തുടര്ന്ന് പ്രിയദര്‍ശിനി ആശുപത്രിക്ക് സമീപംവെച്ച് മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് മൂന്നാമത്തെ കേസ്.ഇത് സംബന്ധിച്ച ഹര്‍ഷരാജിന്റെ പരാതിയിലാണ് 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
അക്രമ പരമ്പരകള്‍ക്ക് ശേഷം ചികിത്സയില്‍ കഴിഞ്ഞിരുന്ന ആകാശ് ഭാസ്കരനേയും കൂട്ടി അച്ഛൻ ഭാസ്കരന് കോറോം കൂര്‍ക്കരയിലെ വീട്ടിലേക്ക് പോകുന്നതിനിടെ കൂര്ക്കരയില്വെച്ച് ഇരുവര്‍ക്കും മര്‍ദ്ദനമേറ്റ സംഭവവുമുണ്ടായി. രാത്രി ഒമ്പതരയോടെയായിരുന്നു ഈ സംഭവം. ഇതില്‍ ഗുരുതരമായി പരിക്കേറ്റ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ കേസെടുക്കുന്നതിന്റെ ഭാഗമായി എത്തിയ പോലീസിന് ഇവര്‍ മൊഴികൊടുക്കാന്‍ തയാറായില്ല.
ഓപ്പറേഷന് തിയേറ്ററില്‍ കഴിയുന്ന രോഗിയുടെ മൊഴിയെടുക്കാന്‍ പോലീസ് കാണിക്കുന്ന വ്യഗ്രത കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇതിന് നല്കുന്ന വിശദീകരണം. നിരന്തരമായി കെഎസ് യു പ്രവര്‍ത്തകര്‍ മര്ദ്ദനങ്ങള്ക്കിരയായിട്ടും പോലീസ് ഒരു നടപടിയും എടുത്തിട്ടില്ല എന്നും ആവര് കുറ്റപ്പെടുത്തുന്നു.
ഇന്നലെ ഉച്ചയോടെയാണ് കേസുകള്‍ക്കാസ്പദമായ സംഭവങ്ങള്‍ തുടങ്ങിയത്.ക്രിസ്മസ് കരോള്‍ നടത്തുന്നതിനായി കോളജ് അധികൃതരില്‍ നിന്നും അനുമതി വാങ്ങി ഒരുക്കങ്ങള്‍ തുടങ്ങാനിരിക്കെ യാതൊരു കാരണവുമില്ലാതെ എസ്എഫ്ഐ വിദ്യാര്‍ഥികള്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് കെഎസ്യു പ്രവര്‍ത്തകര്‍ പറയുന്നത്.
പ്രിന്‍സിപ്പലിന്റെ അനുമതിയോടു കൂടി മുന്‍കൂട്ടി തീരുമാനിച്ച യൂണിന്റെ നേതൃത്വത്തിലുള്ള ക്രിസ്മസ് ആഘോഷ പരിപാടികള്‍ കെഎസ്യു പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്ന് കോളജ് യൂണിയനും ആരോപിക്കുന്നു.