സ്വന്തം ലേഖകൻ
കണ്ണൂർ: പയ്യന്നൂര്‍ സിപിഎമ്മിലെ ഫണ്ടുവിവാദ നടപടികള്‍ക്കിടയില്‍ ഏരിയാ കമ്മിറ്റി യോഗം നാളെ. ഫണ്ടുവിവാദത്തിലെ നടപടികള്‍ സാധൂകരിക്കാനായി 25 മുതല്‍ നടക്കുന്ന ബ്രാഞ്ച് യോഗങ്ങളില്‍ കണക്കുകള്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ഏരിയാ കമ്മിറ്റി ചേരുന്നത്.
രേഖകൾ പറയുന്നത്
ധനനഷ്ടമുണ്ടായിട്ടില്ലായെന്ന് നേതൃത്വം ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും കഴിഞ്ഞ ഏരിയാ കമ്മിറ്റി യോഗത്തില്‍ സാമ്പത്തിക വെട്ടിപ്പുകളുടെ കൃത്യമായ കണക്കുകളും അതിന് ബലംപകരുന്ന ബാങ്ക് സ്റ്റേറ്റ്മെന്റുകളും കുഞ്ഞികൃഷ്ണന് അവതരിപ്പിച്ചിരുന്നുവെന്നാണ് സൂചന.
നടപടിക്രമങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത ലോക്കല്‍ ജനറല്‍ ബോഡികളില്‍ നേതൃത്വത്തിന്റെ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയരുകയും പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം ഓഡിറ്റ് ചെയ്ത കണക്കുകള്‍ അവതരിപ്പിക്കണമെന്നുമുള്ള ആവശ്യവും ശക്തമായിരുന്നു.
ചര്‍ച്ചകളും കൃത്യമായ മറുപടികളും ബ്രാഞ്ച് യോഗങ്ങളിലുണ്ടാകുമെന്ന മറുപടിയാണ് നേതൃത്വം നല്‍കിയത്. ഇതേതുടര്‍ന്നുള്ള ബ്രാഞ്ച് യോഗങ്ങള്‍ ആരംഭിക്കാനിരിക്കേയാണ് ഏരിയ കമ്മിറ്റി ചേരുന്നത്.
സാധൂകരിക്കാൻ പുതിയ കണക്ക്
ഇതിനിടയില്‍ ആരോപണ വിധേയര്‍ക്കെതിരെ സ്വീകരിച്ച മൃദുവായ അച്ചടക്ക നടപടികളെ സാധൂകരിക്കുംവിധത്തിലുള്ള കണക്കുകള്‍ തയാറാക്കാനുള്ള നീക്കമാരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏരിയാ കമ്മിറ്റി യോഗത്തില്‍ കുഞ്ഞികൃഷ്ണന് അവതരിപ്പിച്ച കണക്കുകള്‍ മാറ്റിവെച്ച് പുതിയ കണക്കുകളുണ്ടാക്കി അവതരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഇതിലെ ദുരുദേശം മനസിലാക്കി ഇതിനായി നിര്‍ദ്ദേശിക്കപ്പെട്ട രണ്ടുനേതാക്കള്‍ കണക്കുകളുണ്ടാക്കുന്നതില്നിന്നു പിന്മാറിയതായും സൂചനയുണ്ട്.
ആരോപണ വിധേയരെ രക്ഷിക്കാനായി ജില്ലാക്കമ്മിറ്റിയുണ്ടാക്കി അവതരിപ്പിക്കുന്ന കണക്കുകള്‍ വീണ്ടും പ്രതിഷേധത്തിനിടയാക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. മാത്രമല്ല ഈ കണക്കുകള്‍ ബ്രാഞ്ച് യോഗങ്ങളില്‍ പൊട്ടിത്തെറിക്ക് വഴിവയ്ക്കാനുള്ള സാധ്യതയുമുണ്ട്.
പാർട്ടി പ്രതിസന്ധിയിൽ
കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ചില സ്ഥാനങ്ങളില്‍നിന്നും തരംതാഴ്ത്തി മൃദുനടപടികള് സ്വീകരിച്ചപ്പോള്‍ പ്രത്യക്ഷത്തില്‍ കടുത്ത ശിക്ഷയ്ക്ക് വിധേയനാകേണ്ടി വന്നത് ഏരിയ സെക്രട്ടറിയായ കുഞ്ഞികൃഷ്ണനായിരുന്നു.
ഇതോടെ കുഞ്ഞികൃഷ്ണന് ഏരിയ കമ്മിറ്റിയിലുള്‍പ്പെടെ ലഭിച്ച ശക്തമായ പിന്തുണയും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങള്ക്കെതിരെയുയര്ന്ന അസാധാരണമായ പ്രതിഷേധങ്ങളും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയായിരുന്നു.
വി.കുഞ്ഞികൃഷ്ണന് വഹിച്ചിരുന്ന ഏരിയാ സെക്രട്ടറിയുടെ ചുമതല ടി.വി.രാജേഷിന് നല്‍കിയത് സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യത്തിനുടമയായ കുഞ്ഞികൃഷ്ണനെ പൊതുരംഗത്തുനിന്നും മാറിനില്ക്കാനിടയാക്കിയിരുന്നു.
നാളെ നടക്കുന്ന എരിയാ കമ്മിറ്റി യോഗത്തില്‍ പുതിയതായി സൃഷ്ടിക്കുന്ന കണക്കുകളവതരിപ്പിച്ചാല് അത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് സൂചന.