പയ്യന്നൂര്‍: സാധാരണ ഗതിയില്‍ ഫോണ്‍ കൊണ്ടുള്ള ഉപയോഗം വളരെ വിലപ്പെട്ടതാണ്. എന്നാല്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ ഫോണ്‍ പോലീസിനേയും നാട്ടുകാരേയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ 04985 203032 നമ്പര്‍ ലാൻഡ് ഫോണാണു വില്ലനായി മാറിയിരിക്കുന്നത്. അത്യാവശ്യത്തിനു പോലീസ് സ്റ്റേഷനിലേക്കു വിളിച്ചാല്‍ കിട്ടുന്നില്ലെന്ന പൊതുജനങ്ങളുടെ പരാതിക്കു മാസങ്ങളുടെ പഴക്കമുണ്ട്.
പരാതി സത്യവുമാണ്. പോലീസ് സ്റ്റേഷനിലെ ബെല്ലടിക്കുന്നതു കേട്ടു തിരക്കിനിടയില്‍ ഫോണെടുത്താല്‍ കേള്‍ക്കുന്നതു മറ്റു പല കോളുകളുടേയും സംസാരമാണെന്നാണ് പോലീസുകാർ പറയുന്നത്. ഫോണ്‍ കട്ടാക്കിയാല്‍ ഉടന്‍ ഇത്തരത്തിലുള്ള അടുത്ത വിളി. ബെല്ലടിക്കുന്നതു കേള്‍ക്കുമ്പോള്‍ ഫോണെടുക്കാതിരിക്കാനുമാകില്ലെന്നു പോലീസുകാർ പറയുന്നു. ഇതിനിടെ ഒരു ദിവസം ഇത്തരം 420 കോളുകളാണു പോലീസ് സ്റ്റേഷനിലേക്കു വന്നത്. എല്ലാം മറ്റു കോളുകളായിരുന്നു.
ആരൊക്കെയോ തമ്മിലുള്ള സംസാരം മാത്രമാണു കേൾക്കുന്നതും. ഇതിനിടയില്‍ അത്യാവശ്യക്കാരന് സ്റ്റേഷനിലേക്കു വിളിച്ചാല്‍ കിട്ടുകയുമില്ല. പോലീസ് സ്റ്റേഷനില്‍ നിന്നുപോലും അത്യാവശ്യത്തിന് വിളിക്കാനും പറ്റുന്നില്ല. ഇങ്ങിനെ പോലീസിനും നാട്ടുകാര്‍ക്കും തലവേദനയായ ഫോണിന്റെ തകരാർ പരിശോധിക്കാന്‍ ബിഎസ്എന്‍എല്‍ അധികൃതര്‍ പലവട്ടം വന്നിട്ടും ശരിയാക്കാൻ അവര്‍ക്കുമായില്ല.