പയ്യന്നൂർ: പ്രതിക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം പിഴയും വിധിച്ച പയ്യന്നൂരിലെ ഹോട്ടൽ തൊഴിലാളിയുടെ കൊലപാതകക്കേസിൽ വഴിത്തിരിവായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളജിലെ പോലീസ് സർജൻ ഗോപാലകൃഷ്ണപ്പിള്ളയുടെ കൃത്യതയോടെയുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കേസന്വേഷണത്തിലെ പ്രധാന ഘടകമായത്.2017 ഓഗസ്റ്റ് 25 ന് രാവിലെയാണ് ഹോട്ടല്‍ തൊഴിലാളി മാതമംഗലം കോയിപ്രയിലെ കെ.സി.ശ്രീധരന്റെ (53) മൃതദേഹം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ ട്രാക്കിൽ കാണപ്പെട്ടത്.
വീണു മരിച്ചതെന്ന് ആദ്യനിഗമനം
മൃതദേഹത്തിൽ പരിക്കുകളൊന്നും കാണാതിരുന്നതിനാൽ അബദ്ധത്തിൽ പ്ലാറ്റ്ഫോമിൽ നിന്നും പാളത്തിലേക്ക് വീണതിനെ തുടർന്നായിരിക്കാം മരണമെന്ന നിഗമനമാണ് മൃതദേഹം കണ്ടവർക്കെല്ലാമുണ്ടായത്.പതിവായി ഇയാളുടെ കയ്യിൽ കാണാറുള്ള ബാഗ് കാണാനില്ല എന്നതാണ് സംശയമായി അവശേഷിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഗോപാലകൃഷ്ണപിള്ള സംഭവസ്ഥലം സന്ദർശിച്ച ശേഷമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയാറാക്കിയത്. അതിൽ തലയിലേറ്റ അടിയാണ് ശ്രീധരന്റെ മരണത്തിനിടയാക്കിയതെന്ന് വ്യക്തമാക്കിയിരുന്നു. ഈ വിവരമാണ് കൊലപാതകിയെ കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനുമിടയാക്കിയത്.
അന്വേഷണം വേഗത്തിൽ
ഒരു പക്ഷേ എഴുതിതള്ളപ്പെടുമായിരുന്ന സംഭവമായിരുന്നു ശ്രീധരന്റെ കൊലപാതകം. സമ്മർദം ചെലുത്താൻ ആരുമില്ലാതിരുന്നിട്ടും അന്നത്തെ പയ്യന്നൂർ സിഐ എം.പി.ആസാദ് കേസന്വേഷണത്തിൽ കാണിച്ച മികവും പ്രതിയെ വേഗത്തിൽ കുടുക്കാൻ സഹായകമായി. തെളിവെടുപ്പ് സമയത്ത് ശ്രീധരനെ അടിച്ചു കൊല്ലാനുപയോഗിച്ച ഇരുമ്പുവടി പ്രതി തന്നെ പോലീസിന് എടുത്ത് കൊടുത്തിരുന്നു.
സംഭവ ദിവസം പാലക്കാട് നിന്നും ട്രെയിനില്‍ പയ്യന്നൂരിലിറങ്ങിയ കൊടക്കാട്ടെ വീട്ടമ്മയുടെ പണവും രേഖകളുമടങ്ങിയ ബാഗും മോഷ്ടിക്കപ്പെട്ടിരുന്നു. ശ്രീധരന്റെ കയ്യിലെ ബാഗിൽ പണമുണ്ടെന്ന് കരുതിയാണ് ഇയാളെ വധിച്ചതെന്നും അതിന് ശേഷമാണ് വിശ്രമമുറിയിൽ നിന്നും ബാഗ് കൈക്കലാക്കി കടന്നതെന്നും പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു. ഈ കേസിലാണ് രാമന്തളി കക്കമ്പാറ സ്വദേശിയും മുണ്ടക്കയം റാന്നി എന്നിവിടങ്ങളിലായി താമസിച്ച് വരികയുമായിരുന്ന നടവളപ്പില്‍ വിപിന്‍ ചന്ദ്രനെന്ന വിനോദ് ചന്ദ്രനെ (43) കോടതി ശിക്ഷിച്ചത്.
കേസന്വേഷണ ചുമതലയുള്ള പയ്യന്നൂര്‍ സിഐ എം.പി.ആസാദ്. എഐസ്ഐ എന്‍.കെ.ഗിരീഷ്, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, കെ.രാഘവന്, രതീഷ്, മനീഷ് എന്നിവരാണ് ശ്രീധരന് വധത്തിന് പിന്നിലെ ദുരൂഹതകള്‍ക്ക് വിരാമമിട്ടത്.