പയ്യന്നൂർ: രാമന്തളി കക്കംപാറയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരേയുണ്ടായ ബോംബേറിനു പിന്നാലെയുണ്ടായ സംഘർഷം പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും തുടരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ഇന്ന് പുലർച്ചെവരെ പയ്യന്നൂരിലും പരിസരങ്ങളിലുമായി 22 അക്രമസംഭവങ്ങൾ രജിസ്റ്റർ ചെയ്തു.
ഇന്നു പുലർച്ചെ ഒന്നിന് ശേഷം എട്ടിക്കുളത്ത് നാല് സിപിഎം പ്രവർത്തകരുടെ വീടിനുനേരേയുണ്ടായ ബോംബേറുകൾ ഉൾപ്പെടെ സിപിഎം പ്രവർത്തകരുടെ ഒൻപത് വീടുകൾക്കുനേരേയാണ് അക്രമമുണ്ടായത്. ആർഎസ്എസ്-ബിജെപി ഓഫീസുകൾക്കും ഒരു പീടികയ്ക്കും വാഹനങ്ങൾക്കും ബിജെപി പ്രവർത്തകരുടെ വീടുകൾക്കും ഉൾപ്പടെ 13 അക്രമങ്ങളാണ് അരങ്ങേറിയത്. ഈ അക്രമസംഭവങ്ങളിൽ കൃത്യമായ പരിശോധനകൾ നടത്തി കേസെടുക്കുമെന്ന് പയ്യന്നൂർ സിഐ എം.പി. ആസാദ് പറഞ്ഞു.
ഇന്ന് പുലർച്ചെ ഒന്നിന് ശേഷമാണ് സിപിഎം കുന്നരു ലോക്കൽ കമ്മിറ്റിയംഗം എട്ടിക്കുളത്തെ പരത്തി ദാമോദരന്റെ വീട് ബോംബെറിഞ്ഞ് തകർത്തത്. സമീപത്തെ ടി.പി. ശകുന്തള, എം. ഷൈജു എന്നിവരുടെ വീടുകളും ബോംബെറിഞ്ഞ് തകർത്തു. മറ്റൊരു സിപിഎം പ്രവർത്തകനായ കെ.യു.രാധാകൃഷ്ണന്റെ വീട് ഇന്ന് പുലർച്ചെ ഒരുസംഘം അടിച്ചുതകർത്തു.
ചൊവ്വാഴ്ച രാത്രി നടന്ന അക്രമത്തിൽ സിപിഎം എട്ടിക്കുളം ബ്രാഞ്ച് സെക്രട്ടറി പി.പി. ജനാർദ്ദനൻ, സിപിഎം പ്രവർത്തകരായ പി.പി. കുഞ്ഞികൃഷ്ണൻ, കക്കന്പാറയിലെ ശ്യാംകുട്ടൻ, പ്രസാദ്, വി.വി.ഭരതൻ എന്നിവരുടെ വീടുകൾ അടിച്ചുതകർക്കുകയും ഗൃഹോപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയം, ബിജെപി ഓഫീസ്, തായിനേരിയിലെ ഗംഗൻ തായിനേരിയുടെ പീടിക എന്നിവ തകർക്കപ്പെട്ടു. ആർഎസ്എസ് കാര്യവാഹക് കാരയിലെ പി. രാജേഷിന്റെ വീടിന്റെ എല്ലാ ജനലുകളും അടിച്ചുതകർത്ത അക്രമികൾ വീടിനകത്ത് തീയിടുകയും ഗൃഹോപകരണങ്ങൾ തല്ലിതകർക്കുകയും ചെയ്തു. വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന രണ്ടു മിനിബസുകളും ബൈക്കും അഗ്നിക്കിരയാക്കി. മറ്റൊരു ബൈക്ക് അടിച്ചുതകർത്തു.
സംഭവസമയത്ത് രാജേഷിന്റെ അമ്മ പത്മാവതി, സഹോദരഭാര്യ ശുകുന്തള, രണ്ട് മക്കൾ എന്നിവരായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബിജെപി മണ്ഡലം സെക്രട്ടറി കോറോം നോർത്തിലെ പനക്കീൽ ബാലകൃഷ്ണൻ, ബിജെപി മേഖല സെക്രട്ടറി അന്നൂരിലെ പുത്തലത്ത് കുമാരൻ, ബിജെപി സംസ്ഥാന കമ്മിറ്റിയംഗം കാങ്കോലിലെ എം.കെ. രാജഗോപാലൻ എന്നിവരുടെ വീടുകൾക്ക് നേരെയും ബോംബേറുണ്ടായി.
അതേസമയം കക്കന്പാറയിലെ ബോംബ് സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് നാല് പേരും കൂടി ചികിത്സ തേടിയെത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇബ്രാഹിം ആഷിക്ക് (19), മുഹമ്മദ് അബൂബക്കർ എന്നിവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് സിപിഎം പ്രവർത്തകനായ അബ്ദുൾ ഖാദർ (42), ഡിവൈഎഫ്ഐ പ്രവർത്തകനായ അഷ്റഫ് (21) എന്നിവരെ പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്.
ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സംഭവസ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.