പയ്യന്നൂരില്‍ ഒളിച്ചോടിയ പ്രണയിതാക്കളും ഇവരെ തേടിയെത്തിയ ബന്ധുക്കളും പിലാത്തറയില്‍ കാഴ്ച്ചവച്ചത് നാടകീയ രംഗങ്ങള്‍. പയ്യന്നൂരിലെ കൗമാരക്കാരായ കമിതാക്കളാണ് കഥയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. വില്ലന്‍ സ്ഥാനത്ത് ബന്ധുക്കളും. രണ്ടുദിവസം മുമ്പാണ് പ്രണയബദ്ധരായ ഇരുവരേയും കാണാതായത്. സമ്പന്നകുടുംബാംഗമായ യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പഴയങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും വയനാട്ടിലെ റിസോര്‍ട്ടിലുണ്ടെന്ന് സൂചനയും ലഭിച്ചു.
പോലീസും ബന്ധുക്കളും ഇതോടെ വയനാട്ടിലേക്ക് വച്ചുപിടിച്ചു. സംഭവം പന്തിയല്ലെന്ന് മനസിലാക്കിയ കമിതാക്കള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കോടതിയില്‍ ഹാജരാകാനുള്ള നീക്കങ്ങള്‍ നടത്തി. ബുധനാഴ്ച ഉച്ചക്ക് ശേഷം ഇവര്‍ നാടകീയമായി പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയത്. കോടതി പരിസരത്ത് വാഹനത്തിലെത്തിയ യുവതിയുടെ ബന്ധുക്കള്‍ കമിതാക്കളെ തടഞ്ഞെങ്കിലും വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ എസ് ഐ കെ.പി.ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് യുവതിക്ക് സംരക്ഷണമൊരുക്കി കോടതിയിലെത്തിക്കുകയായിരുന്നു.
കോടതിയില്‍ വച്ച് ഇരുവരും ഒന്നിച്ചു താമസിക്കാനാണ് താല്പര്യമെന്ന് വെളിപ്പെടുത്തി. പ്രായപൂര്‍ത്തിയെത്തിയ ഇരുവരുടേയും ഇഷ്ടത്തിന് ജീവിക്കുന്നതിന് കോടതി അനുമതിയും നല്കി. കൂടുതല്‍ പ്രശ്നങ്ങളില്ലാതിരിക്കുവാന് കമിതാക്കളേയും യുവതിയുടെ ബന്ധുക്കളേയും സ്റ്റേഷനില്‍ വിളിച്ച് അനുരഞ്ജനത്തിലൂടെ പ്രശ്നപരിഹാരമുണ്ടാക്കാനും എസ്ഐ മുന്‍കൈ എടുത്തു. ഇതിന് ശേഷം യാത്രയായ കമിതാക്കളെ പിന്തുടര്‍ന്ന യുവതിയുടെ രക്ഷിതാക്കള്‍ പിലാത്തറയിലെത്തിയപ്പോള് ഇരുവരേയും വാഹനത്തില്‍നിന്നും പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മര്‍ദനത്തില്‍ പരിക്കേറ്റ യുവാവും യുവതിയും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായത്.