പയ്യോളി: സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത സിബിഐ നടപടിയില്‍ ഏറെ ആശ്വാസമുണ്ടെന്നും അന്വേഷണം ശരിയായ ദിശയിലൂടെയാണ് പോകുന്നതെന്ന് തോന്നുന്നതായും മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഈ കേസില്‍ നേരത്തെ ജയിലിലുമായിരുന്ന വടക്കയില്‍ ബിജു പറഞ്ഞു. 2012 ഫെബ്രുവരി 12-ന് നടന്ന സംഭവത്തില്‍ ലിസ്റ്റ് കിട്ടിയ പ്രകാരമാണ് അന്ന് ലോക്കല്‍ പോലീസ് കേസെടുത്തതെന്നും താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പെട്ടുപോവുകയായിരുന്നുവെന്നും ബിജു പറയുന്നു.
ഈ കേസ് കാരണം പത്ത് മാസം ജയില്‍ വാസം അനുഷ്ടിക്കേണ്ടി വന്നതിന് പുറമേ സഹകരണ ബാങ്കിലെ ജോലി നഷ്ടപ്പെടുകയും ചെയ്തു. പാര്‍ട്ടിയിലെ വിഭാഗീയത കാരണമാണ് താന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടത്. ലോക്കല്‍ പോലീസ് സമര്‍പ്പിച്ച പതിനഞ്ച് പ്രതികളുള്ള കുറ്റപത്രത്തില്‍ മൂന്നാം പ്രതിയാണ് ബിജു. ഫെബ്രുവരി പന്ത്രണ്ടിന് നടന്ന മനോജ് വധത്തിന് ശേഷം ഫെബ്രുവരി ഇരുപതിനാണ് കണ്ണൂര്‍ ജില്ലയില്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്.
ഷുക്കൂര്‍ കൊലപാതത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പെട്ടെന്ന് തന്നെ ജാമ്യം ലഭിക്കാനുള്ള സാഹചര്യം പാര്‍ട്ടി ഒരുക്കി. എന്നാല്‍ തങ്ങള്‍ ജയിലിലായി എണ്‍പത്തിയാറാം ദിവസമാണ് കോഴിക്കോട് സെഷന്‍സില്‍ ജാമ്യത്തിനുള്ള നീക്കം ആദ്യം നടക്കുന്നത്. ഇത് തള്ളിപ്പോയതിനെ തുടര്‍ന്ന് നൂറ്റിപതിനാറാമത്തെ ദിവസമാണ് ഹൈക്കോടതിയെ ജാമ്യത്തിനായി വീണ്ടും സമീപിക്കുന്നത്. ആദ്യ ഘട്ടങ്ങളില്‍ പാര്‍ട്ടിയുമായി സഹകരിച്ച തങ്ങള്‍ വഞ്ചിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞത് അല്പം വൈകിയാണ്. ഒരു തവണ കൂടി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയുമായി പോയി. അതും തള്ളി.
ഇതിനിടയില്‍ ധൃതിപ്പെട്ട് സുപ്രീകോടതിയെ ജാമ്യത്തിനായി സമീപിക്കുകയാണ് പയ്യോളിയിലെ പാര്‍ട്ടി ചെയ്തത്. ഇതേ കാലയളവില്‍ ടിപി കേസില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന നേതാക്കളായ പി. മോഹനന് , കുഞ്ഞനന്ദന് , കെ.സി. രാമചന്ദ്രന് എന്നിവര്‍ക്ക് വേണ്ടി സുപ്രീകോടതിയെ സമീപിച്ചിട്ടില്ലായിരുന്നു. സുപ്രീകോടതി തള്ളിയാല്‍ ജാമ്യം ലഭിക്കാന്‍ സാധ്യത തീരെ കുറവാണെന്ന് അറിഞ്ഞത് വൈകിയാണ്.
തങ്ങളുടെ ആവശ്യപ്രകാരമല്ല ഇത്തരമൊരു ജാമ്യത്തിനുള്ള നീക്കം നടന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് പിന്നീട് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതെന്ന് ബിജു പറയുന്നു.പതിനഞ്ച് പേരില്‍ വിദേശത്തേക്ക് രക്ഷപ്പെട്ട ഒരാള്‍ ഒഴികെ എല്ലാവരും ജയിലിലായിരുന്നു. ഇവരില്‍ ബിജു ഉള്‍പ്പെടെ ആറു പേരാണ് പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്തുവന്നത്. തങ്ങള്‍ പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ചാണ് കേസില്‍ പെട്ടതെന്നും സത്യം തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് തയാറാണെന്നും കാണിച്ച് ഇവര്‍ കോടതിയെ സമീപിച്ചു. എന്നാല്‍ നുണ പരിശോധന ആവശ്യപ്പെടേണ്ടത് പ്രതികളല്ല അന്വേഷണ ഏജന്‍സിയാണെന്നും പറഞ്ഞ് ഇവരുടെ അപേക്ഷ കോടതി അന്ന് തള്ളുകയായിരുന്നു.
ഇതിനിടെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കൊല്ലപ്പെട്ട മനോജിന്റെ ബന്ധുക്കളും പ്രതി ചേര്‍ക്കപ്പെട്ട ബിജുവിന്റെ ബന്ധുക്കളും വടകരയില്‍ ചെന്ന് കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്താതെ പോവുകയായിരുന്നു. മൊഴിയെടുക്കലും മറ്റും നടന്നെങ്കിലും മറ്റു നടപടികളിലേക്ക് അന്വേഷണം നീങ്ങിയില്ല. തിക്കോടി സ്വദേശിയായ ശിവദാസന്‍ എന്നയാള്‍ പൊതുതാത്പര്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ ഭീഷണി മൂലം പിന്‍വാങ്ങുന്നു എന്ന് ക്രൈം ബ്രാഞ്ചിന് രേഖാ മൂലം നല്കി കോടതിയില്‍ നല്കിയ ഹരജി പിന്‍വലിച്ചു. പിന്നീട് സാജിദ് എന്നയാള്‍ കൊടുത്ത ഹരജിയിലാണ് കേസ് സിബിഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിടുന്നത്. അതേസമയം, വിഭാഗീയത രൂക്ഷമായ 2012 കാലത്ത് പയ്യോളി മേഖലയില്‍ സിപിഎമ്മിന്റെ ചില നിലപാടുകളില്‍ ഏറ്റവും കൂടുതല്‍ എതിര് ശബ്ദം ഉയര്‍ത്തിയത് ബിജുവിന്റെ നേതൃത്വത്തിലായിരുന്നു. ഇതോടെ തങ്ങള്‍ നേതാക്കളുടെ കണ്ണിലെ കരടാവുകയായിരുന്നുവെന്നും ജയിലിലായ ശേഷം പാര്‍ട്ടിയില്‍ നിന്നുള്ള സഹായങ്ങള്‍ നല്‍കാതെ പ്രതികള്‍ വി.എസ്.
പക്ഷക്കാരാണെന്ന് മേല്‍ ഘടകങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നു നേതാക്കളെന്നും അദ്ദേഹം പറയുന്നു. ജയില്‍ ജീവിതത്തിനിടെ പാര്‍ട്ടിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ തന്നെ പയ്യോളി സഹകരണ ബാങ്കിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അക്കാലം വരെ സസ്പെന്‍ഷനില്‍ മാത്രം ഒതുക്കി നിര്‍ത്തിയിരുന്ന നടപടി പിരിച്ചുവിടലില്‍ എത്തിച്ചത് നേതാക്കളുടെ ആവശ്യപ്രകാരമാണ്. ഇപ്പോള്‍ ബാങ്കിലെ ജോലി തിരികെ ലഭിക്കാന്‍ വേണ്ടി ബിജുവിന് അനുകൂലമായി സഹകരണ ആര്ബിട്രേഷന് വിധി വന്നിട്ടും ട്രിബ്യൂണലില്‍ അപ്പീലുമായി പോയിരിക്കുകയാണ് ബാങ്ക് ഭരണ സമിതി.