സ്വന്തം ലേഖകന്‍
കോഴിക്കോട്: പയ്യോളി മനോജ് വധക്കേസില്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെ സിബിഐ വലയിലാക്കിയതോടെ പണപ്പിരിവുമായി സിപിഎം രംഗത്ത്. അറസ്റ്റിലായവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനും കേസ് നടത്തിപ്പിനുമായിജില്ലയില് നിന്നും ഒരുകോടിയോളം രൂപ പിരിക്കാനാണ് സിപിഎം തീരുമാനം.ഇതുമായി ബന്ധപ്പെട്ട് അതത് ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് ഇതിനകം നിര്‍ദേശം നല്കികഴിഞ്ഞു. പയ്യോളിയില്‍ ഒരോ ബ്രാഞ്ച് കമ്മിറ്റിയും 50,000 രൂപവീതമാണ് പിരിക്കേണ്ടത്. 16 ബ്രാഞ്ചുകളാണ് ഉള്ളത്.
എട്ട് ലക്ഷംവീതം ഒരോ ബ്രാഞ്ച് കമ്മറ്റിയും ഉണ്ടാക്കണം. ബാക്കി രണ്ട് ലക്ഷം ലോക്കല്‍ കമ്മിറ്റി നേരിട്ട്നല്കാനാണ് തീരുമാനം. അതായത് പയ്യോളി എരിയാ കമ്മിറ്റി മാത്രം അമ്പതുലക്ഷം രൂപ സമാഹരിക്കണം. ഇതുകൂടാതെ ഒരോ പാര്‍ട്ടി അംഗവും ആയിരം രൂപ വീതം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. പൊതുജന മധ്യത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അവമതിപ്പുണ്ടാകാതിരിക്കാന് പാര്‍ട്ടി സ്പെഷല്‍ ഫണ്ട്എന്ന രീതിയിലാണ് പണപിരിവ്. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഇതിനകം പിരിവ് ആരംഭിച്ചിട്ടുണ്ട്. ബിസിനസ് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും പിരിവ് തുടങ്ങികഴിഞ്ഞു.
ഈമാസം 31-ന് ആണ് സിബിഐ അറസ്റ്റ് ചെയ്ത സിപിഎം നേതാക്കളുടെ ജാമ്യആപേക്ഷയില് വിധി പറയുന്നത്. എറണാകളും ജില്ലാസെഷന്‍സ് കോടതിയാണ് വിധി പറയുക. ജാമ്യം ലഭിച്ചാല്‍ പ്രതികളെ പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് കാക്കനാട് ജയിലില്‍ നിന്നും കണ്ണൂരിലേക്ക് മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്. അറസ്റ്റിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് സിപിഎം തീരുമാനം.മനോജ് വധക്കേസുമായി ബന്ധപ്പെട്ട് പയ്യോളി ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം ഉള്‍പ്പെടെ പത്ത് സിപിഎമ്മുകാരാണ് ഇതിനകം അറസ്റ്റിലായിരിക്കുന്നത്.
കൂടുതല്‍ പേരെ ഇനിയും അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും നിലനില്ക്കുന്നു. പാര്‍ട്ടിയെ വെട്ടിലാക്കിയ അറസ്റ്റ് എതുവിധേനയും പ്രതിരോധിക്കാനാണ് സിപിഎം തീരുമാനം. അതോടൊപ്പം കൊലക്കേസ് പ്രതികള്‍ക്കായി പിരിവ് നടത്തിയെന്ന് ദുഷ്പേര് ഒഴിവാക്കാനും പാര്‍ട്ടി ശ്രമിക്കുന്നു. ടി.പി.ചന്ദ്രേശഖരന് വധകേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങള്‍ കൂടി കണക്കിലെടുത്താണ് ഈ തീരുമാനം.
അതേസമയം ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ പാര്‍ട്ടിയുടെ പ്രാദേശികഘടകങ്ങള്‍ക്ക് തന്നെ ശേഷിയുണ്ടെന്നും പണപ്പിരിവിൽ ജില്ലാനേതൃത്വത്തിന് നിർദ്ദേശം നൽകേണ്ടതിലെന്നും സിപിഎം ജില്ലാസെക്രട്ടറി പി. മോഹനന് അറിയിച്ചു. കൂട്ടിലടച്ചതത്തയെകൊണ്ട് സിപിഎമ്മിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.