പയ്യോളി: റെയില്‍വേ ട്രാക്കില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തിയത് പോലീസ്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ കോരപ്പുഴ പാലത്തിലാണ് സംഭവം. പീഡനക്കേസില്‍ പ്രതിയുമായി കോഴിക്കോട് കോടതിയിലേക്ക് പോവുകയായിരുന്ന പയ്യോളി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ കോരപ്പുഴ പാലം കടക്കുമ്പോഴാണ് റെയില്‍വേ ട്രാക്കില്‍ ഒരു യുവതി നില്‍ക്കുന്നത് കണ്ടത്.
ഇതില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തിയപ്പോഴേക്കും ഇവര്‍ പാലത്തില്‍നിന്ന് പുഴയിലേക്ക് എടുത്തുചാടി. ഉടന്‍ തന്നെ ജീപ്പ് മറുകരെ എത്തിച്ച ശേഷം സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ബിജുവും സി.പി. രാജനും പെണ്‍കുട്ടിയെ രക്ഷിക്കാനായി ഓടി. വാഹനത്തിലെ പ്രതിയുടെ ചുമതല പോലീസ് ഉദ്യോഗസ്ഥനായ കെ.ശശി ഏറ്റെടുത്തു.
ബിജു റെയില്‍വേ ട്രാക്കില്‍ ഓടിക്കയറി പെണ്‍കുട്ടിയെ കാണുന്ന സ്ഥലം വിളിച്ച് പറഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദ്ദേശം നല്കി. സി.പി. രാജന് പുഴക്കരയിലേക്കും ഓടി ആളുകളെ വിവരം അറിയിച്ചു. ഉടന്‍ തന്നെ സമീപത്തെ മരം മില്ലില്ലെ തൊഴിലാളിയായ എം.രമേശ് ബാബുവും മത്സ്യ തൊഴിലാളിയായ പുത്തന്‍ പുരയില്‍ സിദ്ധിക്കും ഫൈബര്‍ തോണിയുമായി യുവതിക്ക് സമീപത്തേക്ക് കുതിച്ചു.
ഒഴുക്കില്‍പ്പെട്ട യുവതിയെ തോണിയില്‍ കയറ്റി അതേ പോലീസ് വാഹനത്തില്‍ തന്നെ പോലീസ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ എത്തിച്ചു. പെണ്‍കുട്ടി സുഖം പ്രാപിച്ച് വരുന്നു. ഓട്ടത്തിനിടയില്‍ ജീപ്പിനകത്ത് കിടത്തി പെണ്‍കുട്ടിക്ക് പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തിരുന്നു.
ഒരു നിമിഷം പോലും പാഴാക്കാതെ പോലീസ് സംഘം നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ ജീവന് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അസമയത്ത് പയ്യോളിയില്‍ നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി മിന്നല്‍ ബസ്സിലെ പെണ്‍കുട്ടിക്ക് രക്ഷയായതും പയ്യോളി പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലാണ്.