കൊല്ലം: കൊല്ലത്തു വിൽപ്പനയ്ക്കെത്തിച്ച പഴകിയ മീൻ പിടികൂടി. മീൻ ചന്തകളിലും മൊത്ത വിതരണ കേന്ദ്രത്തിലും നടത്തിയ പരിശോധനയിൽ 100 കിലോയിലേറെ അഴുകിയ മീനാണു പിടികൂടിയത്.
വലിയകട, രാമൻകുളങ്ങര, ഇരവിപുരം മാർക്കറ്റുകളിലും ആണ്ടാമുക്കം കെഎസ് ഫിഷറീസ് എന്ന മൊത്ത വ്യാപാര കേന്ദ്രത്തിലുമായിരുന്നു പരിശോധന. ഒരാൾക്കൊപ്പം നീളമുള്ള ചീഞ്ഞളിഞ്ഞ ഓലത്താൾ മീൻ, ദിവസങ്ങളോളം പഴക്കമുള്ള നെയ്മീൻ, ചാള എന്നിവ ഉൾപ്പെടെയുള്ള പഴകിയ മീനുകളാണു പരിശോധനയിൽ പിടിച്ചെടുത്തത്.
ഭക്ഷ്യസുരക്ഷ വകുപ്പും നഗരസഭ ആരോഗ്യവിഭാഗവുമാണ് പരിശോധന നടത്തിയത്. രാസവസ്തുക്കളുടെ സാന്നിധ്യം മീനുകളിൽ കണ്ടെത്താനായില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.