ചാത്തന്നൂർ: ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചു വന്ന ഹോട്ടൽ പൂട്ടിച്ചു.ദേശീയപാതയിൽ പാരിപ്പള്ളി പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ മാംസവും ഭക്ഷണ സാധനങ്ങളും പിടികൂടി.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പാരിപ്പള്ളി, കല്ലുവാതുക്കൽ, ചാത്തന്നൂർ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ ഫോർമാലിൻ കലർന്ന ചെങ്കലവമത്സ്യം പിടികൂടി. കല്ലുവാതുക്കൽ മാർക്കറ്റിൽ നിന്നും 25 കിലോയിലധികം മത്സ്യം പിടികൂടി നശിപ്പിച്ചു.
കൂടാതെ കരിമീൻ ,വാള എന്നിവ പിടികൂടി പരിശോധനയ്ക്ക് അയച്ചു. മത്സ്യത്തിൽ മണ്ണു വിതറി വില്പന നടത്തുന്നത് കർശനമായി വിലക്കി. ജില്ലയിൽ മത്സ്യത്തിൽ ഫോർ മലിനും അമോണിയവും വ്യാപകമായി ഉപയോഗിക്കുന്നു എന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന .മത്സ്യവ്യാപാരികൾക്കും ഹോട്ടലിനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.