തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് പഴകിയ അരി വിതരണം ചെയ്ത സംഭവത്തിൽ ആരുടെ ഭാഗത്തുനിന്നാണ് വീഴ്ച ഉണ്ടായതെന്ന് ഉടൻ കണ്ടെത്തുമെന്നും കർശന നടപടി ഉണ്ടാകുമെന്നും കൃഷി മന്ത്രി പി. പ്രസാദ്. ഇക്കാര്യത്തിൽ സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഓണത്തിന് മുമ്പ് കൈമാറിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാതെ ഭക്ഷ്യയോഗ്യമല്ലാതായി മാറാനുള്ള കാരണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു.
അതേസമയം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും പണം കൊണ്ട് വോട്ട് പിടിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. പണാധിപത്യം കേരള ജനത സ്വീകരിക്കില്ല. പാലക്കാടും വയനാടും പണം കൊടുത്ത് വോട്ട് വാങ്ങാൻ ശ്രമം നടത്തുന്നു. ജനാധിപത്യം പറയുകയും പണാധിപത്യം പ്രവർത്തിക്കുകയും ചെയ്യുന്നു.
ഇരട്ടത്താപ്പാണ് കോൺഗ്രസും ബിജെപിയും കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് സമീപിക്കാൻ കഴിയുന്ന ആളാണ് ജനപ്രതിനിധി ആകേണ്ടതെന്നും അത് വയനാട്ടുകാർ തിരിച്ചറിയുമെന്നും മന്ത്രി പി. പ്രസാദ് കൂട്ടിച്ചേർത്തു.