കൊട്ടിയം: സൂര്യപ്രകാശത്തെ പഴ മുറം കൊണ്ട് മറയ്ക്കാനാകില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. പാലത്തറ എൻ എസ് സഹകരണ ആശുപത്രിയിൽ വാത്സല്യം എന്ന പേരിൽ ആരംഭിച്ച മദർ ആൻഡ് ചൈൽഡ് കെയർ ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് മുമ്പ് അൻവർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ശത്രുക്കളുടെ കൈയ്യിലെ ചട്ടുകമായി അൻവർ മാറി. ഇടതുമുന്നണിയെ ദുർബലപ്പെടുത്തുകയാണ് ഉദ്ദേശം. അൻവർ നടത്തുന്നത് പാഴ് വേലയാണ്. കേരളത്തിലെ സർക്കാരിനെ ദുർബലപ്പെടുത്താൻ ഒരു അൻവറിനും കഴിയില്ല.
അൻവറിനേക്കാൾ വലിയ ആളുകൾ കേരളത്തിൽ ഇതിനുമുമ്പ് വലിയ രീതിയിൽ ആക്രമണം നടത്തിയിട്ടുണ്ട്. അതിലൊന്നും തകർന്ന ആളുകളല്ല കേരളത്തിലെ ഭരണത്തിലുള്ളത്.ഉദിച്ചുയരുന്ന ചന്ദ്രബിംബത്തെ കണ്ട് സായാഹ്നങ്ങളിൽ നടവരമ്പത്തിരുന്ന് നായകൾ ചിലക്കാറുണ്ട്.അതുപോലെയുള്ള ഒരു ചിലപ്പായാണ് അൻവറിന്റെ പ്രസ്താവനകളെ കാണുന്നത്.
മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ പെയ്ത മഴയിൽ കുതിർത്ത തകരയല്ല എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും എല്ലാം അഖിലേന്ത്യ പ്രസിഡന്റായിരുന്നു. ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.