വൈപ്പിൻ: കടൽക്ഷോഭം നാശംവിതക്കുന്നത് തടയാൻ തുടങ്ങിവച്ച എടവനക്കാട്ടെ പുലിമുട്ട് നിർമാണം കാലവർഷം തുടങ്ങിയിട്ടും എങ്ങുമെത്തിയില്ല. കാലവർഷം എത്തുന്നതിനു മുന്നേ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു മാർച്ച് നാലിനു പുലിമുട്ടുകളുടെ നിർമാണോദ്ഘാടന സമയത്ത് മന്ത്രിയും എംഎൽഎയും പറഞ്ഞത്.
നിർമാണത്തിന്റെ പേരിൽ പഴങ്ങാട് കടൽത്തീരത്തു കുറെ കല്ലുകൾ കൊണ്ടുവന്ന് ഇറക്കിയതല്ലാതെ നിർമാണം ആരംഭിക്കാൻ കരാറുകാരൻ ഇതുവരെ കൂട്ടാക്കിയിട്ടില്ല. അതേ സമയം ഉത്തരവാദിത്വം മുഴുവൻ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥൻമാരുടെ തലയിൽ വച്ചുകെട്ടുകയാണ് കരാറുകാരൻ. നിർമാണത്തിനു മുന്നോടിയായുള്ള നടപടികൾ പൂർത്തിയാക്കി തരേണ്ടത് ഇറിഗേഷൻ വകുപ്പാണ്. ഇതുവരെ ഇവരുടെ ഭാഗത്ത് നിന്നും അങ്ങിനെയൊന്ന് ഉണ്ടായിട്ടില്ലത്രേ.
കല്ലുകളുടെ തൂക്കം തിട്ടപ്പെടുത്താൻ വേ- ബ്രിഡ്ജ് സ്ഥാപിക്കണം. അത് ഇതുവരെ ആയില്ല. അണിയൽ ഭാഗത്തെ പുലിമുട്ട് നിർമിക്കാൻ കല്ല് ലോറിയിൽ എത്തിക്കണമെങ്കിൽ ഈ ഭാഗത്തെ തീരദേശ റോഡിലെ മണൽ നീക്കം ചെയ്യണം. ഇറിഗേഷന്റെ ഭാഗത്ത് നിന്ന് ഇതിനായി നടപടികളില്ല. കൂടാതെ പുലിമുട്ട് നിർമിക്കുന്ന ഭാഗത്തെ കടൽ ഭിത്തി പൊളിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടിയും കടലാസിൽ തന്നെയാണ്.
മഴക്കാലത്ത് കടൽഭിത്തി പൊളിച്ചാൽ കടൽ കരയിലേക്ക് ഇരച്ചു കയറിയേക്കുമെന്ന ഭയം നാട്ടുകാർക്കുണ്ട്. കാലവർഷം കഴിഞ്ഞാലും പുലിമുട്ടുകളുടെ നിർമാണം ആരംഭിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ നാട്ടുകാർക്കു സംശയമാണ്. എടവനക്കാട് നാലു പുലിമുട്ടുകൾ നിർമിക്കാനാണ് പദ്ധതിയുള്ളത്.
ചെന്നൈ ഐഐടിയുടെ പഠനത്തിനുശേഷം നൽകിയ റിപ്പോർടിന്റെ അടിസ്ഥാനത്തിലാണ് പുലിമുട്ടുകളുടെ നിർമാണം നടത്താൻ സർക്കാർ തീരുമാനിച്ചത്. 3.77 കോടി രൂപയാണ് ചെലവ്. ജിഡയാണ ഫണ്ട് നൽകുന്നത്. രണ്ടു പുലിമുട്ടുകൾ 50 മീറ്റർ നീളത്തിലും ഒരെണ്ണം 30 മീറ്ററും മറ്റൊന്ന് 15 മീറ്ററും നീളത്തിലുമാണ് നിർമിക്കുക. രണ്ടെണ്ണം അണിയൽ ഭാഗത്തും ബാക്കി രണ്ടെണ്ണം പഴങ്ങാട് ഭാഗത്തുമാണ് നിർമിക്കുന്നത്.