നവാസ് മേത്തർ
തലശേരി: തലശേരിയിൽ നിന്നും പഴനിയിലെത്തിയ യുവതിയെ റോഡരികിൽ നിന്നും ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി മൂന്നംഗ സംഘം പീഡിപ്പിച്ച കേസ് പൂർണമായും കെട്ടിച്ചമച്ചതാണെന്ന് പഴനി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.ഭർത്താവ് മർദിച്ച് പറയിപ്പിച്ച കഥയാണ് പീഡന കഥയെന്ന് യുവതി പഴനി മജിസ്ട്രേറ്റിന് മൊഴി നൽകി.
വ്യാജപരാതി
പഴനിയിലെ ലോഡ്ജിൽ വെച്ച് ഭർത്താവ് ക്രൂരമായി മർദിച്ചു. ഇതിനെ ചോദ്യം ചെയ്ത ലോഡ്ജുടമയിൽ നിന്നും പണം തട്ടിയെടുക്കാനാണ് വ്യാജ പരാതി നൽകിയത്. തലശേരി സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയിരുന്നില്ല. സ്റ്റേഷന്റെ പുറത്തു നിന്ന് ലോഡ്ജുടമയെ ഫോൺ ചെയ്യുകയായിരുന്നു.
പീഡന പരാതി നൽകിയിട്ടുണ്ടെന്നും തലശേരി പോലീസ് സ്റ്റേഷന് സമീപമുള്ള ഗ്രൗണ്ടിൽ പണവുമായി എത്തിയാൽ പ്രശ്നം തീർക്കാമെന്നും ലോഡ്ജ് ഉടമയെ അറിയിക്കുകയായിരുന്നുവെന്നും മജിസ്ട്രേറ്റിനും പഴനി പോലീസിനും നൽകിയ മൊഴിയിൽ യുവതി പറഞ്ഞു. തുടർന്ന് പഴനി പോലീസ് ഇത് സംബന്ധിച്ച കേസ് അവസാനിപ്പിച്ചു കൊണ്ട് കോടതിക്ക് റിപ്പോർട്ട് നൽകി.
നിർഭയ മോഡൽ!
ഇതോടെ രണ്ട് സംസ്ഥാനങ്ങളിലെ ഡിജിപി ഉൾപ്പെടെയുള്ള പോലീസ് ഉദ്യാഗസ്ഥരെ മുൾമുനയിൽ നിർത്തിയ “നിർഭയ’ മോഡൽ പീഡന കഥ അവസാനിച്ചു. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ പരാതിക്കാരുടെ മൊഴികൾ പുറത്തു കൊണ്ടു വരികയും മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ച് കെട്ടുകഥകയാണെന്ന് ആദ്യം റിപ്പോർട്ട് ചെയ്തതും രാഷ്ട്രദീപികയായിരുന്നു.
യുവതി സത്യം വെളിപ്പെടുത്തിയതിനെ തുടർന്ന് പഴനിയിൽ നാടകീയ രംഗങ്ങളാണ് അറങ്ങേറിയത്. സത്യം പറഞ്ഞതിൽ ക്ഷുഭിതനായ ഭർത്താവ് യുവതിയെ കോയമ്പത്തൂരിൽ വച്ചു ക്രൂരമായി മർദിച്ചു. രക്ഷപ്പെട്ട യുവതി തിരിച്ചു പഴനി പോലീസിൽ അഭയം തേടി.
തുടർന്നു യുവതിയെ പഴനി പോലീസ് എറണാകുളം ഏലൂർ പോലീസിന്റെ സഹായത്തോടെ പാതാളത്തു താമസിക്കുന്ന മകളുടെ അടുത്ത് എത്തിച്ചു. ഇതിനിടയിൽ ഭർത്താവ് താൻ വിഷം കഴിച്ചുവെന്നു പറഞ്ഞു പഴനി സ്റ്റേഷനിലെത്തി. പോലീസ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിശോധനയിൽ ഇയാൾ വിഷം കഴിച്ചിട്ടില്ലന്നു വ്യക്തമായി. പഴനി പീഡനവുമായി ബന്ധപ്പെട്ടു തലശേരി പോലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. മജിസ്ട്രേറ്റ് യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് അന്വേഷണ റിപ്പോർട്ട്, എഫ്ഐആർ ഉൾപ്പെടെ കേരള ഡിജിപി വഴി തമിഴ്നാട് പോലീസിന് കൈമാറുകയായിരുന്നു.
ബ്ലാക്ക്മെയിൽ
ബ്ലാക്ക്മെയിൽ നടത്തി പണം തട്ടിയെടുക്കാൻ നടത്തിയ ശ്രമമാണ് സംഭവത്തിനു പിന്നിലെന്ന് ആദ്യം നിഗമനത്തിലെത്തിയതും കേരള പോലീസായിരുന്നു. എന്നാൽ ഇത് ഔദ്യാഗികമായി റിപ്പോർട്ട് ചെയ്തിരുന്നില്ല. പഴനിയിൽ അഡീഷണൽ എസ്പി യുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ പോലീസ് സംഘം രണ്ട് ദിവസം തലശേരിയിൽ ക്യാമ്പ് ചെയ്ത അന്വേഷണം നടത്തിയിരുന്നു.
വിവാഹിതരായ നാല് പെൺമക്കളുടെ മാതാവായ യുവതിയും മുപ്പത്തിയെട്ട് കാരനായ യുവാവുമായിരുന്നു സംഭവത്തിലെ പരാതിക്കാർ.