മട്ടന്നൂർ: പഴശി ടൂറിസ്റ്റ് കേന്ദ്രത്തിൽ കോടികൾ ചെലവഴിച്ച് നിർമിച്ച കെട്ടിടങ്ങൾ ഉദ്ഘാടനം നടത്താതെ നോക്കുകുത്തിയാകുന്നു. ഒരുവർഷം മുമ്പ് നിർമാണം പൂർത്തിയായ കെട്ടിടങ്ങളാണ് അടഞ്ഞുകിടക്കുന്നത്. പഴശി അണക്കട്ടിനോട് ചേർന്നാണ് ജലസേചന വകുപ്പ് നാലു കെട്ടിടങ്ങൾ നിർമിച്ചത്. ഓഫീസും ക്വാർട്ടേഴ്സുകളുമായി പ്രവർത്തിക്കുന്നതിനാണ് കഴിഞ്ഞവർഷം ടൂറിസ്റ്റ് കേന്ദ്രത്തിൽ കെട്ടിടം നിർമിച്ചത്.
ചോർന്നൊലിക്കുന്ന പഴശി ജലസേചന പദ്ധതിയുടെ സെക്ഷൻ ഓഫീസ് സബ് ഓഫീസ് ഒരു കെട്ടിടത്തിലാക്കുന്നതിനാണ് ഒരു നില കോൺക്രീറ്റ് കെട്ടിടം പണിതത്. ജീവനക്കാർക്ക് താമസിക്കുന്നതിനാണ് ക്വാർട്ടേഴ്സുകളും നിർമിച്ചത്. നിർമാണം പൂർത്തിയായെങ്കിലും കെട്ടിടത്തിൽ വൈദ്യുതീകരണം നടത്താത്തതാണ് ഓഫീസും ക്വാർട്ടേഴ്സും പ്രവർത്തിപ്പിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.
വൈദ്യുതീകരണം നടത്തുന്നതിന് പല തവണ ടെൻഡർ ക്ഷണിച്ചിരുന്നുവെങ്കിലും പ്രവൃത്തി ആരും ഏറ്റെടുക്കാത്തതാണ് വൈകുന്നത്. ഓഫീസും ക്വാർട്ടേഴ്സുകളും നിർമിക്കുന്നതിനൊപ്പം മറ്റു പല പ്രവൃത്തികൾക്കുമായി ഏഴു കോടി രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്.
കെട്ടിടം നിർമിച്ചതിന് ശേഷം തുറന്നു പ്രവർത്തിക്കാതെയിടുന്ന നിരവധി സംഭവങ്ങളുണ്ടെങ്കിലും പഴശിഡാമിൽ നിർമിച്ച കെട്ടിടം ഉടൻ തുറന്നു പ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.