മട്ടന്നൂർ: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് മട്ടന്നൂർ, ഇരിട്ടി നഗരസഭകളിൽ ആരംഭിക്കുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു. 100 കോടിയോളം രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തുന്നത്. പഴശി പദ്ധതിയില് നിന്നും മൂന്നര ലക്ഷം പേര്ക്ക് കൂടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ പ്രവൃത്തി അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്.
മട്ടന്നൂർ, ഇരിട്ടി നഗരസഭകളിലെ മുഴുവന് കുടുംബങ്ങള്ക്കും പഴശി പദ്ധതിയില്നിന്നു കുടിവെള്ളമെത്തിക്കുന്ന ബൃഹത് പദ്ധതിയാണിത്. സംസ്ഥാന സര്ക്കാര് കിഫ്ബിയില് ഉള്പ്പെടുത്തി 100 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. മാസങ്ങൾക്കുള്ളിൽ നിര്മാണം പൂര്ത്തിയാക്കാനുള്ള ശ്രമമാണ് കരാർ ഏറ്റെടുത്ത കമ്പനി നടത്തിവരുന്നത്.
പഴശി പദ്ധതിയില് നിന്നും ഇപ്പോള് കുടിവെള്ളം എടുക്കുന്ന കണ്ണൂർ, കൊളച്ചേരി പദ്ധതികള്ക്കിടയിലാണ് പുതിയ പദ്ധതിയുടെ നിര്മാണം നടക്കുന്നത്. കുടിവെള്ളത്തിനായി ജലം സംഭരിക്കുന്നതിന് പദ്ധതിയുടെ ഷട്ടര് അടച്ചതിനാൽ കിണര് നിര്മിക്കുന്നതിൽ പ്രയാസമുണ്ടെങ്കിലും വേഗത്തിലാണ് പ്രവൃത്തി നടത്തുന്നത്.
ഡാമിൽ കിണറും പമ്പ് ഹൗസുമാണ് നിർമിക്കുന്നത്. പദ്ധതിയുടെ ചാവശേരിപറമ്പില് നിർമിക്കുന്ന 42 മില്യന് ലിറ്റര് സംഭരണ ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും പ്രവൃത്തി അവസാനഘട്ടത്തിലാണ്. മട്ടന്നൂര് നഗരസഭയിലെ കൊതേരിയിലും ഇരിട്ടി നഗരസഭയിലെ ഇരിട്ടി ഹൈസ്ക്കൂള് ഗ്രൗണ്ടിന് സമീപവും 15 ലക്ഷം ലിറ്റര് വീതം സംഭരണ ശേഷിയുള്ള ടാങ്ക് സ്ഥാപിച്ച് പൈപ്പ് ലൈന് വഴി വീടുകളില് കുടിവെള്ളം എത്തിക്കുക.
ഇതിന്റെ പ്രവൃത്തിയും അവസാന ഘട്ടത്തിലാണ്.പഴശി പദ്ധതിയില് നിന്നും ഇപ്പോള് തന്നെ ജപ്പാന് കുടിവെള്ള പദ്ധതി ഉള്പ്പെടെയുള്ള പദ്ധതികള്ക്ക് വെള്ളമെടുക്കുന്നുണ്ട്. ജില്ലയിലെ കുടിവെള്ള പദ്ധതിയുടെ 70 ശതമാനവും പഴശി പദ്ധതിയില് നിന്നുള്ള കുടിവെള്ളത്തെ ആശ്രയിച്ചാണ് പ്രവര്ത്തിക്കുന്നത്.