ഇരിട്ടി: വേനല്‍മഴ കുറഞ്ഞതോടെ പഴശിപദ്ധതിയിലെ ജലവിതാനം ആശങ്കാജനകമായ നിലയിലേക്ക് താഴുന്നു.19.74 മീറ്ററിലാണ് പദ്ധതിയിലെ ഇപ്പോഴത്തെ ജലനിരപ്പ്. 26.58 മീറ്ററാണ് പദ്ധതിയുടെ സംഭരണശേഷി. പഴശി സംഭരണിയില്‍ നിന്നാണ് ജില്ലയിലെ കുടിവെള്ള പദ്ധതിക്കുള്ള വെള്ളത്തിന്റെ 80 ശതമാനവും ഉപയോഗിക്കുന്നത്.
കുടിവെള്ള പദ്ധതികളുടെ പമ്പിംഗിന് നിലവിലെ ജലവിതാനത്തിലെ കുറവ് ഇപ്പോള്‍ ബാധിക്കില്ലെന്ന് പഴശിപദ്ധതി അധികൃതര്‍ പറയുന്നത് എന്നാല്‍ ഇതേ അവസ്ഥ രണ്ടാഴ്ച്ചയോളം നീണ്ടു നിന്നാല്‍ പല കുടിവെള്ള പദ്ധതികളുടെയും പമ്പിംഗ് നിലയ്ക്കും.
സംഭരണിയിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി കുറഞ്ഞതാണ് പെട്ടെന്ന് ജനനിരപ്പ് താഴാന്‍ ഇടയാക്കിയത്. പദ്ധതിയിലേക്കുള്ള പ്രധാന പുഴകളായ ബാവലിയും, ബാരാപോളും വെള്ളം കുറഞ്ഞ് തീര്‍ത്തും മെലിഞ്ഞു. ആറളം വനത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന എല്ലാ നീരുറവകളും വറ്റി. ഇതോടെ ചെറുതും വലുതുമായ പുഴകളും ഭീഷണിയിലാണ്.
പുഴയില്‍ ജലനിരപ്പ് തീരെ താഴ്ന്നതോടെ മേഖലയിലെ കിണറുകളെല്ലാം വറ്റി. പുഴയോര ഗ്രാമങ്ങളില്‍ അടക്കം കടുവെള്ളക്ഷാമം അതിരൂക്ഷമാണ്.ഇതുവരെ വറ്റാത്ത കിണറുകളാണ് ഇത്തവണ വറ്റി വരണ്ടത്. ഇരിട്ടി നഗരസഭയിലും സമീപ പഞ്ചായത്തുകളിലും വാഹനങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നുണ്ട്. സന്നദ്ധസംഘടനകളും സഹകരണ ബാങ്കുകള്‍ അടക്കമുള്ള സ്ഥാപനങ്ങളും ഗ്രാമീണ മേഖലകളില്‍ വീട്ടുകാര്‍ക്ക് കുടിവെള്ളം വണ്ടികളില്‍ എത്തിച്ച് വിതരണം ചെയ്യുന്നുണ്ടെങ്കിലും കുടിവെള്ള പ്രശ്നം അതിരൂക്ഷമാണ്.