ഇരിട്ടി: വളര്‍ച്ചയെത്തിയ 60,000 മീനുകളെ വിറ്റഴിക്കാനാകാതെ വലയുകയാണ് പഴശി ജലാശയത്തിലെ കൂട് മത്സ്യ കൃഷിക്കാര്‍.
അരക്കോടി രൂപയുടെ നഷ്ടമാണ് പെരുവംപറമ്പ് കപ്പച്ചേരിയില്‍ പഴശിരാജ മത്സ്യക്കര്‍ഷക സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ കൃഷിയിലേര്പ്പെട്ടവര്ക്ക് ഉണ്ടായിരിക്കുന്നത്.
ഓരോ ദിവസവും 7000 രൂപയുടെ നഷ്ടം സഹിച്ചാണ് ഇപ്പോള്‍ നിലവിലുള്ള മീനുകളെ പരിപാലിക്കുന്നത്. തിലോപ്പിയ, ചിത്രലാഡ ഇനം മീനുകളെയാണ് ഇവര്‍ ഇക്കുറി വളര്‍ത്തിയത്.
ആറു മാസം കൊണ്ട് വളര്‍ച്ചയെത്തുന്ന ഇനങ്ങളാണിവ. ഏപ്രില്‍ മാസം വിളവെടുപ്പ് ആരംഭിച്ചിരുന്നെങ്കിലും ലോക് ഡൗണാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്.
ശുദ്ധജല മത്സ്യക്കൃഷി പദ്ധതിപ്രകാരം സര്‍ക്കാര്‍ ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ വിഷാംശവും രാസവസ്തുക്കളും ഇല്ലാതെ വളര്‍ത്തിയ മീനുകള്‍ക്ക് ആവശ്യക്കാരും ഏറെയായിരുന്നു.
ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയിലെ കപ്പച്ചേരിയില്‍ തുടങ്ങിയ വിപണനകേന്ദ്രം വഴി വില്പന ആരംഭിച്ചതിനുപിന്നാലെയാണ് ലോക്ഡൗണ്‍ പ്രഖ്യാപനമുണ്ടായത്.
മീനുകള്‍ മുഴുവനായും വിറ്റുപോകേണ്ട സമയം കഴിഞ്ഞിട്ടും ഇപ്പോഴും ഉത്പാദനത്തിന്റെ പകുതിപോലും വില്‍ക്കാനായിട്ടില്ല.
ഇന്നലെ അണക്കെട്ട് തുറക്കുമെന്ന് അറിയിപ്പുണ്ടായതിനാല്‍ ചടച്ചിക്കുണ്ടത്തെ പ്രകൃതിദത്ത കുളത്തിലേക്ക് മീനുകളെ മാറ്റിയിരിക്കുകയാണ്.
ആറു മാസത്തെ പൂര്‍ണ വളര്‍ച്ചയെത്തിക്കഴിഞ്ഞാല്‍ ഇവയുടെ തൂക്കം വര്‍ധിക്കില്ല. പിന്നീട് തീറ്റയിട്ടു കൊടുക്കുന്നതുള്‍പ്പെടെയുള്ള ചെലവ് നഷ്ടമാണ് വരുത്തുക.
പ്രതിദിനം 4000 രൂപ തീറ്റച്ചെലവായി വരും. സംഘത്തില്‍പ്പെട്ട പത്തു കര്‍ഷകര്‍ പ്രതിദിനം 300 രൂപ വേതനപ്രകാരം ജോലി ചെയ്യുന്നുണ്ട്.
ഈയിനത്തില്‍ത്തന്നെ 3000 രൂപ വേണം. ഇങ്ങനെ പരിപാലന ചെലവ് ഇനത്തില്‍ മാത്രം രണ്ടു മാസംകൊണ്ട് 4.2 ലക്ഷം രൂപ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. 60,000 മീനുകളെ വിറ്റഴിക്കാനായില്ലെങ്കില് വരുന്ന നഷ്ടം അരക്കോടി രൂപയിലധികമാണ്.
2017 ലാണ് സംസ്ഥാനത്ത് ആദ്യമായി സ്റ്റേറ്റ് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് സൊസൈറ്റി മുഖേന പഴശി സംഭരണിയില്‍ മത്സ്യം വളര്‍ത്താന്‍ ആരംഭിച്ചത്.
പഴശിരാജ മത്സ്യക്കര്‍ഷക സ്വയംസഹായ സംഘം മുഖേനയാണ് നടത്തിപ്പ്. അണക്കെട്ടുകളിലെ ജലാശയം ഉപയോഗപ്പെടുത്തി മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ പൈലറ്റ് പദ്ധതിയായാണ് പെരുവംപറമ്പില്‍ തുടങ്ങിയത്.
പി.എം.ദിവാകരന് പ്രസിഡന്റും എ.കെ.നാരായണന് സെക്രട്ടറിയും പി.വി.വിനോദന്‍ ട്രഷററുമായ കൂട്ടായ്മയാണ് പഴശിരാജ മത്സ്യക്കര്‍ഷക സ്വയംസഹായ സംഘം.
സര്‍ക്കാര്‍ സംവിധാനങ്ങളോ തദ്ദേശസ്ഥാപനങ്ങളോ സന്നദ്ധസംഘടനകളോ ജനകീയമായി പ്രശ്നത്തില്‍ ഇടപെട്ട് മത്സ്യം വിറ്റഴിക്കാന്‍ സംവിധാനം ഒരുക്കിയില്ലങ്കില്‍ സംസ്ഥാനത്ത് ആദ്യ മൂന്നു വര്‍ഷം വിജയിച്ച പദ്ധതി ഇക്കുറി പൊളിയും. തിലോപ്പിയ വിഭാഗത്തിലെ ഏറ്റവും നൂതന ഇനമാണ് ചിത്രലാഡ. സ്വാദും കൂടുതലാണ്.
നല്ല മീന്‍ ലഭിക്കാത്ത ഈ കാലഘട്ടത്തില്‍ സര്‍ക്കാര്‍ പദ്ധതിപ്രകാരം വളര്‍ത്തിയ 20000 കിലോയോളം മത്സ്യമാണു ആവശ്യക്കാരെ കാത്തുകഴിയുന്നത്.