ഇരിട്ടി: പഴശി പദ്ധതിയുടെ ഷട്ടര്‍ ഉടന്‍ അടയ്ക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും , സണ്ണി ജോസഫ് എംഎല്‍എയും കളക്ടറോട് ആവശ്യപ്പെട്ടു. ജില്ലയിലെ കുടിവെള്ള വിതരണം സുഗമമാക്കാനും മേഖലയിലെ പുഴകളിലെയും കിണറുകളിലെയും ജലവിതാനം ശരാശരിയില്‍ നില നിർത്താനുമായി ഇന്ന് പഴശി പദ്ധതിയുടെ ഷട്ടര്‍ അടക്കാന്‍ അടിയന്തിര നടപടി തേടിയിരിക്കുന്നത്.
ഉരുള്‍പൊട്ടലും പ്രളയവും കഴിഞ്ഞ് ഒന്നര ആഴ്ച വെയില് തെളിഞ്ഞപ്പോഴേക്കും മാര്‍ച്ച് – ഏപ്രില്‍ മാസത്തേത് പോലെ പഴശിപദ്ധതി പ്രദേശത്തെ പുഴകളെല്ലം വറ്റി വരണ്ട് പുഴ വിണ്ട് കീറി. ഇതോടെ പ്രദേശത്തെ കിണറുകളിലെ ജലവിതാനവും കുത്തനെ താഴ്ന്നു. ഇപ്പോള്‍ രണ്ട് ഷട്ടറുകള്‍ മാത്രമാണ് അടച്ചിരിക്കുന്നത്.
ആകെ 16 ഷട്ടറുകളാണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം ഒഴിച്ച് ബാക്കിയുള്ളവ ഉടനിടും. തുലാവര്‍ഷം ശക്തമായാല്‍ വേഗത്തില്‍ ഷട്ടര്‍ തുറക്കാന്‍ സാധിച്ചില്ലങ്കില്‍ ഇരിട്ടി ടൗണ്‍ ഉള്‍പ്പെടെ നേരത്തെ ഉണ്ടായത് പോലെ വെള്ളത്തില്‍ മുങ്ങും. ഇത് കൊണ്ടാണ് കളക്ടറുടെ നിര്‍ദേശം വന്നാല്‍ പതിനാറില്‍ പതിനാലെണ്ണം മാത്രം അടക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറെടുക്കുന്നത്.
കാലവര്‍ഷം ശക്തമായതോടെ പതിനാറ് ഷട്ടറും തുറന്ന് വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കി വിടുകയായിരുന്നു. 26.5 മീറ്ററാണ് പഴശി പദ്ധതിയിലെ ജല നിരപ്പ് എങ്കിലും ഷട്ടറിടാത്തതിനാല്‍ ഇത് പതിനാറ് മീറ്ററായി കുറഞ്ഞിരിക്കുകയാണ്.
പഴശി പദ്ധതിയിലും ഇരിട്ടി ഉള്‍പ്പെടെയുളള പഴശിയുടെ ഭാഗമായ പുഴകളിലും ലക്ഷക്കണക്കിന് ടണ്‍ മണലാണ് ഉരുള്‍പൊട്ടലില്‍ വന്നടിഞ്ഞത്. ഇതു കൊള്ളയടിക്കാനുള്ള സംഘത്തിന്റെ സമ്മര്‍ദവും ഷട്ടറടക്കാന് വൈകുന്നതിന് പിന്നിലുണ്ടെന്ന ആരോപണവും ഉണ്ട്. പോലിസും – റവന്യുവകുപ്പും മണല്‍ കൊള്ള കണ്ടില്ലന്ന് നടിക്കുകയാണ്. പഴശി, പൂവം, ഇടക്കാനം തുടങ്ങിയ കടവുകളിലെല്ലാം രാപകലില്ലാതെ മണല്‍ കൊള്ള നടക്കുന്നുണ്ട്.