തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച കവിയും ഗാനരചയിതാവും ആദ്യകാല കമ്യൂണിസ്റ്റു പ്രവർത്തകനുമായിരുന്ന പഴവിള രമേശന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഇന്ന് രാവിലെ പത്തുമണിയ്ക്കു വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ പൊതുദർശനത്തിനു വയ്ക്കും.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ ആറരമണിയോടെയായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള പഴവിള രമേശൻ നിരവധി ഹിറ്റ് സിനിമാ ഗാനങ്ങളുടെ രചയിതാവു കൂടിയാണ്.
2017-ൽ സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾക്കു കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പഴവിള രമേശന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നന്തൻകോട്ടെ അദ്ദേഹത്തിന്റെ വസതിയായ പഴവിളയിൽ സാമൂഹ്യ-സാംസ്കാരിക രംഗത്തെ നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു.
മന്ത്രി ജി.സുധാകരൻ, മേയർ വി.കെ.പ്രശാന്ത്, ആർഎസ്പി ദേശീയ ജനറൽ സെക്രട്ടറി പ്രഫ. കെ.ചന്ദ്രചൂഡൻ, മുൻ കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, സിപിഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ.പ്രകാശ്ബാബു, സത്യൻ മൊകേരി, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ, മുൻ മന്ത്രി എം.വിജയകുമാർ, സിപിഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ, ഡോ. കെ.ജയകുമാർ എന്നിവർ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.