സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ കോർപറേഷൻ ഓഫീസിനോടു ചേർന്നുള്ള പഴയ കെട്ടിടം വിണ്ടുകീറി ഏതു നിമി ഷവും തകർന്നുവീഴുമെന്ന അവസ്ഥയിൽ ആളുകൾക്കു ഭീഷണിയാകുന്നു.
കോർപറേഷൻ ഓഫീസിലേക്കുള്ള രണ്ടാം ഗേറ്റിന്റെ തൊട്ടടുത്താണ് ഈ ബഹുനില കെട്ടിടം. കാലപ്പഴക്കത്താൽ വിണ്ടുകീറിയ നിലയിലാണു കെട്ടിടം. പല ഭാഗത്തേയും കോണ്ക്രീറ്റുകൾ അടർന്നുപോയിട്ടുണ്ട്.
ഈ കെട്ടിട സമുച്ചയത്തിന്റെ താഴത്തെ നിലയിൽ തുണിക്കടയും പ്രവർത്തിക്കുന്നുണ്ട്. വിണ്ടു കീറാത്ത ഭാഗങ്ങൾ ഈ കെട്ടിട സമുച്ചയത്തിലില്ലെന്നുതന്നെ പറയാം.
തൊട്ടടുത്ത് വളർന്നുപടർന്ന് പന്തലിച്ചുനിൽക്കുന്ന മരമുള്ളതിനാൽ പെട്ടന്ന് ഈ കെട്ടിടത്തിന്റെ അപകടാവസ്ഥ ആരുടേയും ശ്രദ്ധയിൽ പെടില്ല.
ഇടയ്ക്കിടെ കല്ലും സിമന്റു കട്ടയുമൊക്കെ താഴേക്ക് അടർന്നുവീഴുന്നുമുണ്ട്. നഗരത്തിലെ പഴക്കംചെന്ന അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിലൊന്നാണിത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും തകർന്നുവീഴാവുന്ന ഈ കെട്ടിടമുയർത്തുന്ന ഭീഷണി ചെറുതല്ല. താഴെ കച്ചവടസ്ഥാപനത്തിലും ഫുട്പാത്തിലുമെല്ലാം ധാരാളം ആളുകൾ എപ്പോഴുമുള്ള സ്ഥലമാണിത്.
ഞായറാഴ്ചകളിൽ വഴിയോരക്കച്ചവടക്കാരും ഈ കെട്ടിടസമുച്ചയത്തിനു താഴെ തന്പടിക്കാറുണ്ട്. വൻജനത്തിരക്കുള്ള ഫുട്പാത്തിലൂടെ കടന്നുപോകുന്നവർക്കും കച്ചവടക്കാർക്കുമെല്ലാം ഈ കെട്ടിടം അപകടഭീഷണിയുയർത്തുന്നുണ്ട്.