പഴയങ്ങാടി: പഴയങ്ങാടി അർബൻ കോ -ഓപ്പറേറ്റിവ് ബാങ്കിന്റെ പുതിയ കെട്ടിട നിർമാണ പ്രവൃത്തി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാടായി പഞ്ചായത്ത് സെക്രട്ടറി എം.വി.ചന്ദ്രൻ ബാങ്ക് സെക്രട്ടറി എൻ.ജി.സുനിൽ പ്രകാശിന് നോട്ടീസ് നൽകി.
തീരദേശ പരിപാലന നിയമം ലംഘിച്ചെന്നുവെന്നു കാണിച്ചാണ് നോട്ടീസ്. മാടായി പഞ്ചായത്തിലെ എഴാം വാർഡിൽ റോഡരികിൽ ഇരുനിലകളിലായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിനാണ് പഞ്ചായത്ത് അധികൃതർ അനുമതി നിഷേധിച്ചത്.
രേഖയിൽ പോലുമില്ലാത്ത പഴയ കെട്ടിടം അതെ മാതൃകയിൽ പുതുക്കി പണിയണമെന്നു കാണിച്ചാണ് തീരദേശ പരിപാലന അഥോറിറ്റിയിൽ നിന്ന് അനുമതിപത്രം സംഘടിപ്പിച്ചതെന്നു പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണത്രെ കെട്ടിട നിർമാണത്തിനായി മുൻ മാടായി പഞ്ചായത്ത് സെക്രട്ടറി ബി.ഫത്താഹ് അനുമദി നൽകിയത്.
എന്നാൽ സ്ഥലത്ത് പുതിയ കെട്ടിടമാണ് നിർമിക്കുന്നതെന്ന് പഞ്ചായത്ത് അന്വേഷണത്തിൽ ബോധ്യപെടുകയും കെട്ടിടം പണി നിർത്തിവയ്ക്കാൻ സെക്രട്ടറി ആവശ്യപെടുകയുമായിരുന്നു.