പഴയന്നൂർ: വെള്ളാർകളത്തു പ്രവാസിയുടെ വീടിനു നേരേ പെട്രോൾ ബോംബെറിഞ്ഞതായി പരാതി. ഇന്നു പുലർച്ചെ ഒന്നരയോടെ പ്രവാസിയായ പുളികൂട്ടം ആലിക്കാപറന്പിൽ ഷെമീർ അലിയുടെ വീടിനു നേരേയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ആളപായമില്ല.
ബോംബ് പൊട്ടി തീ ആളിപ്പടർന്ന് ഷെമീർ അലിയുടെ രണ്ടു വയസുള്ള കുഞ്ഞും, ഭാര്യ പിതാവ് സെയ്തലവിയും മാതാവ് ആമിന കുട്ടിയും ഉറങ്ങി കിടന്ന മുറിയുടെ ജനൽ കർട്ടനിലേക്കു തീ പടർന്നതൊഴിച്ചാൽ മറ്റു സംഭവങ്ങളൊന്നുമില്ല.
സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പഴയന്നൂർ പോലീസ് പെട്രോൾ ബോംബ് എറിഞ്ഞ പ്ലാസ്റ്റിക് കുപ്പിയും രണ്ടു ബിയർ കപ്പികളും കണ്ടെടുത്തു. വലിയ സ്ഫോടന ശബ്ദവും തീയും കണ്ടാണു വീട്ടിൽ ഉറങ്ങുകയായിരുന്നവർ എഴുന്നേറ്റത്.
വീടിന്റെ വാതിൽ തുറന്ന ഉടനെ ഒരു ഓട്ടോറിക്ഷ സ്റ്റാർട്ടു ചെയ്തു പോകുന്നതു കണ്ടതായി ഇവർ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു. വീടിന്റെ മുറ്റത്തു പാർക്കു ചെയ്തിരുന്ന രണ്ടു ഓട്ടോറിക്ഷകളിൽ തീപടരാഞ്ഞത് വൻ ദുരന്തം ഒഴിവായി.
കഴിഞ്ഞ ഡിസംബറിലും സമാന സംഭവം നടന്നതായി ഇവർ പറയുന്നു. ഈ സംഭവത്തിൽ ആരെയും പിടികൂടിയിട്ടില്ല. പഴയന്നൂർ സിഐ പി.സി.ചാക്കോയും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്.