ശിക്ഷ പ്രതീക്ഷിച്ചപോലെയായിരുന്നു അരുണിന്റെ പെരുമാറ്റം. വിധിയോട് നിര്‍വികാരമായി പ്രതികരിച്ച അരുണ്‍ പിന്നീട് ഒപ്പമുള്ള പോലീസുകാരോട് ചിരിച്ചു തമാശ പറയുന്നുണ്ടായിരുന്നു.
കോടതി മുറിക്കുള്ളില്‍ ഏറെനേരം ഇരുന്ന പ്രതി മാസ്ക് ധരിച്ചിരുന്നില്ലെങ്കിലും പുറത്ത് ഇറങ്ങിയപ്പോള്‍ മാസ്ക് ഉപയോഗിച്ചു. കോടതിയില്‍നിന്നു റെയില്‍വേ സ്റ്റേഷന് റോഡുവരെ രണ്ടു പോലീസുകാര്‍ക്കൊപ്പം നടന്നു പോയി.
ഈ സമയം ഒരുകൈയില്‍ കുപ്പിവെള്ളം കരുതിയിരുന്നു. ഓട്ടോറിക്ഷയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി കെഎസ്ആര്‍ടിസി ബസിൽ തിരുവനന്തപുരത്തേക്ക് തിരിച്ചു. അച്ഛനും അമ്മയും മരിച്ച അരുണിന് ഒരു സഹോദരി മാത്രമാണുള്ളത്.
കെമിസ്ട്രി ബിരുദധാരിയിൽനിന്ന് കൊലപാതകിയിലേക്ക്
കാഞ്ഞിരപ്പള്ളി: ബിഎസ്സി കെമിസ്ട്രിക്കാരനായ അരുണ്‍ ഇപ്പോള്‍ ഇരട്ടക്കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച ഒരു കുറ്റവാളി.
ചെറുപ്പത്തില്‍ അരുണ്‍ ശാന്തനായ ചെറുപ്പക്കാരനായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അച്ഛന്, അമ്മ, സഹോദരി എന്നിവരടങ്ങിയ ചെറിയ കുടുംബത്തിലെ ഏക ആണ്‍തരി.
പക്ഷേ, ആഡംബരമായ ജീവിതം നയിക്കാനും പുതിയ കാര്‍ വാങ്ങിക്കാനുമായി ചെറിയ മോഷണങ്ങള്‍ തുടങ്ങി, ഒടുവില്‍ പിതൃസഹോദരിയെയും ഭര്‍ത്താവിനെയും ദാരുണമായി കൊലപ്പെടുത്തുന്നതിലേക്ക് എത്തുകയായിരുന്നു.
അരുണിനെ പിടികൂടിയശേഷം തെളിവെടുപ്പിനു വീട്ടിലെത്തിച്ചപ്പോള്‍ പോലീസ് മുറിയില്‍ കണ്ടത് ഒരു രഹസ്യ ലാബായിരുന്നു.
സ്വര്‍ണം ആണോയെന്നു പരിശോധിക്കാനും രക്തക്കറകള്‍ ശുദ്ധമാക്കാനുമുള്ള രാസലായനികളും കുറ്റാന്വേഷങ്ങളുടെ സിനിമ സിഡികളുമുള്പ്പെടെ ഇവിടെനിന്നു കണ്ടെടുത്തു.
പിതൃ സഹോദരിയെയും ഭര്‍ത്താവിനെയും ദാരുണമായി കൊലപ്പെടുത്തിയത് മകനാണെന്ന് അറിഞ്ഞ മാതാപിതാക്കള്‍ പഴയിടത്തെ സ്ഥലം വിറ്റ് മകളുടെ കൂടെ ബംഗളൂരുവിലേക്കു പോയി. കുറ്റകൃത്യം കഴിഞ്ഞ് അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ അമ്മയും ആറു വര്‍ഷം മുമ്പ് അച്ഛനും മരിച്ചു.