എരുമേലി: അറിഞ്ഞവരൊന്നും ഒരിക്കലും മറക്കില്ല പഴയിടം ഇരട്ടക്കൊലക്കേസ്. റിട്ട. സർക്കാർ ഉദ്യോഗസ്ഥരും പിതൃസഹോദരിയുമായ തീമ്പനാല്‍ തങ്കമ്മയെയും (68) ഭര്‍ത്താവ് ഭാസ്കരന് നായരെയും (71) ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ പ്രതി പഴയിടം ചൂരപ്പാടി അരുൺ ശശി (38) യെ പേടിയോടെയേ ആർക്കും ഓർക്കാൻ കഴിയൂ.
ആ കേസിന്റെ വിധി നാളെ കോട്ടയം ജില്ലാ സെഷൻസ് കോടതി പറയുമ്പോൾ പത്ത് വർഷം മുമ്പ് പഴയിടത്തെ ഇരുനില വീട്ടിൽ കൊല്ലപ്പെട്ടു കിടന്ന ആ രണ്ട് വയോധികരുടെയും ദൃശ്യം നാട്ടുകാരുടെ മനസിൽ ഭീതിയായി മായാതെയുണ്ടാകും.
2013 ഓഗസ്റ്റ് 28ന് രാത്രിയിലായിരുന്നു നാടിനെ നടുക്കിയ ക്രൂരമായ ആ കൊലപാതകങ്ങൾ. ഒടുവിൽ പിടിക്കപ്പെട്ടശേഷം നിയമത്തിന്റെ പഴുതിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഭുവനേശ്വറിലും കോല്‍ക്കത്തയിലും ചെന്നൈയിലും ഷോപ്പിംഗ് മാളുകളിൽ മോഷണങ്ങൾ നടത്തി പിടിയിലാവുകയായിരുന്നു.
കുറ്റകൃത്യങ്ങൾ നിരവധി
പുതിയ കാർ വാങ്ങാൻ വേണ്ടിയാണ് മാല മോഷണം തുടങ്ങിയതെന്ന് കോട്ടയത്ത് പിടിക്കപ്പെട്ടപ്പോൾ അന്ന് കുറ്റസമ്മതമായി അരുൺ ശശി പറഞ്ഞു.
വിവിധ സ്ഥലങ്ങളിൽ ബൈക്കിൽ കറങ്ങി അമ്പതോളം സ്ത്രീകളുടെ മാല മോഷ്ടിച്ചു. ഇത് കൊണ്ട് പണം തികയില്ലെന്നറിഞ്ഞാണ് പിതൃ സഹോദരിയെയും ഭർ ത്താവിനെയും ദാരുണമായി കൊലപ്പെടുത്തിയത്.
വലഞ്ഞ് പോലീസ്
അന്വേഷണം തുടങ്ങുമ്പോൾ തന്നെ പ്രതി പോലീസിനൊപ്പമുണ്ടായിരുന്നു. അടുത്ത ബന്ധുവായതിനാൽ ആരും കൂടുതൽ സംശയിച്ചില്ല.
ദമ്പതികൾക്ക് ആൺ മക്കൾ ഇല്ലാത്തതിനാൽ പ്രതിയാണ് മരണാനന്തര കർമങ്ങൾ നടത്തിയത്.
അപ്പോഴും ഭാവഭേദമില്ലായിരുന്നു പ്രതിക്ക്.
ഇടയ്ക്കിടെ അന്വേഷണത്തിന് പോലീസ് എത്തുമ്പോൾ വീട് തുറക്കാൻ പ്രതിയാണ് എത്തിയിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളിലേക്കാണ് പോലീസിന്റെ സംശയം ആദ്യം നീണ്ടത്.
സമീപത്തെ കള്ള് ഷാപ്പിൽ വരുന്നവരും ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്തു. ഒപ്പം ബന്ധുക്കളെയും ദമ്പതികളുടെ പരിചയക്കാരെയും ചോദ്യം ചെയ്ത് തുമ്പൊന്നും കിട്ടാതെ പോലീസ് കുഴഞ്ഞു. ഈ സമയം അക്ഷൻ കൗൺസിൽ യോഗം വിളിച്ചു ചേർത്തത് പ്രതിയുടെ നേതൃത്വത്തിലായിരുന്നു.
കൊടും ക്രിമിനൽ… പക്ഷെ വേദനിച്ചാൽ സത്യം പറയും
തുടക്കം മുതലേ സഹായിയായി പ്രതി ഒപ്പംനിന്ന് പോലീസിന്റെ കുറ്റാന്വേഷണത്തെ വഴി തെറ്റിച്ച അപൂർവവും വേറിട്ടതുമായ കേസ് കൂടിയാണ് പഴയിടം ഇരട്ടക്കൊലപാതക കേസ്.
അപാരമായ മാനസിക ധൈര്യത്തോടെ കൊല നടത്തുകയും സൂക്ഷ്മതയോടെ തെളിവുകൾ നശിപ്പിക്കുകയും പിന്നെ പോലീസിനൊപ്പം ചേർന്ന് അന്വേഷണത്തിൽ സഹായിക്കുകയും തുടർന്നു പോലീസിനെതിരേ ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും ഒക്കെ ചെയ്ത പ്രതി ഒരു കാര്യത്തിൽ മാത്രം പിടിച്ചു നിൽക്കാൻ ശേഷി ഇല്ലായിരുന്നത് മൂലമാണ് സത്യം പുറത്ത് വരാൻ ഇടയായത്.
ഇരട്ടക്കൊലപാതകം നടത്തി മാസങ്ങൾക്ക് ശേഷം കോട്ടയം നഗരത്തിൽ കഞ്ഞിക്കുഴി ഭാഗത്തുവച്ച് ഒരു സ്ത്രീയുടെ കഴുത്തിൽനിന്നു മാല പറിച്ചോടിയ അരുൺ ശശിയെ അതുവഴി വന്ന കോട്ടയം എആർ ക്യാമ്പിലെ പോലീസുകാരൻ ഓടിച്ചിട്ട് പിടികൂടിയതാണ് രഹസ്യങ്ങളുടെ ചുരുൾ നിവർത്തിയത്.
സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ അപാര മനഃശക്തിയുണ്ടായിരുന്ന പ്രതിക്ക് പിടിച്ചു നിൽക്കാനായില്ല.
നീ വേറെ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് ചോദിച്ച പോലീസുകാരൻ നൽകിയ അടിയുടെ വേദനയിൽ കൊലപാതകങ്ങളും വിവിധ മോഷണ സംഭവങ്ങളും തുറന്നു പറയുകയായിരുന്നു.
ഇരട്ടക്കൊല ഇങ്ങനെ
പഴയിടത്ത് കൊലപാതകങ്ങൾ നടന്ന വീട്ടിൽ തെളിവെടുപ്പിൽ അരുൺ ശശി താൻ നടത്തിയ കുറ്റകൃത്യത്തെപ്പറ്റി വിവരിച്ചത് ഒട്ടും കുറ്റബോധമില്ലാത്തവിധമായിരുന്നു. രാത്രിയിൽ എത്തിയ അരുൺ കതകിൽ മുട്ടി വിളിച്ചു.
വാതിൽ തുറന്ന് സംസാരിച്ച പിതൃസഹോദരി തങ്കമ്മ അടുക്കളയിലേക്ക് കാപ്പി ഇടാൻ പോയി. ഈ സമയം ടിവി കാണുകയായിരുന്ന തങ്കമ്മയുടെ ഭർത്താവ് ഭാസ്കരനെ പിന്നിലൂടെ എത്തി അരുൺ തലയിൽ ചുറ്റികയ്ക്ക് അടിച്ചു.
ടിവി യുടെ ശബ്ദത്തിനിടെ ആക്രമണ ശബ്ദം അറിയാതിരുന്ന തങ്കമ്മ അടുക്കളയിൽനിന്ന് വരുമ്പോൾ പതിയിരുന്ന് അരുൺ ഇവരെയും ചുറ്റികയ്ക്ക് ആക്രമിച്ചു.
ഇരുവരും മരിച്ചെന്നുറപ്പിക്കാൻ തലയിണ അമർത്തി ശ്വാസം മുട്ടിച്ചു മൃതദേഹങ്ങൾ വലിച്ചിഴച്ചു. തുടർന്ന് തങ്കമ്മയുടെ കഴുത്തിലെ മാലയും അലമാരയിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും എടുത്ത ശേഷം അരിപ്പൊടിയും മുളകുപൊടിയും വീട്ടിൽ വിതറിയിട്ടു.
വീടിന്റെ മുറ്റത്ത് മാവിൽ കയറി രണ്ടാം നിലയിൽ എത്തിയശേഷം തുണി പൊതിഞ്ഞ് ബൾബ് ഊരി മാറ്റി. തിരികെ മടങ്ങിയ അരുൺ തന്റെ വസ്ത്രങ്ങൾ ബാഗിലാക്കി മണിമലയാറ്റിൽ ഉപേക്ഷിച്ചു.