ഇനി കലോത്സവത്തില്‍ ഊട്ടുപുരയൊരുക്കാന്‍ താന്‍ ഉണ്ടാകില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി. തന്നെ ഭയം പിടികൂടിയതിനാല്‍ അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇനി കലോത്സവ വേദികളില്‍ പാചകത്തിനില്ല. കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ അതിനെ എങ്ങനെ നേരിടുമെന്നത് ഞാന്‍ ചിന്തിക്കുകയാണ്.
ഇത് തന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. മോഹനന് നമ്പൂതിരിയുടെ വാക്കുകള്‍ ഇങ്ങനെ…ഇത്രയും കാലം നിധിപോലെ നെഞ്ചേറ്റിയതാണ് കലോത്സവ അടുക്കളകള്‍. എന്നാല്‍ പുതിയ കാലത്തിന്റെ വൈതാളികര്‍ ആരോപണവുമായി മുന്നോട്ടു വരുമ്പോള്‍ ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ല. കലോത്സവ വേദികളിലെ ഊട്ടുപുരകളില്‍ ഞാന്‍ ഉണ്ടാകില്ല. ഞാന്‍ വിടവാങ്ങുന്നു.’ പഴയിടം പറഞ്ഞു.
സ്കൂളുകളില്‍ എന്തുകൊണ്ട് മാംസാഹാരം വിളമ്പുന്നില്ല എന്ന് ചോദിച്ച് നവോത്ഥാന നായകരെന്ന് അവകാശപ്പെടുന്ന ചിലര്‍ രംഗത്തു വന്നിരുന്നു.
ഇതേത്തുടര്‍ന്ന് കൊണ്ടുപിടിച്ച ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. അടുത്ത കലോല്‍സവം മുതല്‍ മാംസാഹാരം വിളമ്പുമെന്ന് സാംസ്കാരിക മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കുകയും ചെയ്തു.
സംഭവം വിവാദമായ സാഹചര്യത്തിലാണ് പഴയിടത്തിന്റെ പ്രസ്താവന. കഴിഞ്ഞ 16 വര്‍ഷമായി കലോത്സവത്തിന് ഭക്ഷണം പാകംചെയ്യുന്നത് പഴയിടത്തിന്റെ സംഘമാണ്.
വിവാദം കാര്യമാക്കുന്നില്ലെന്നും ഭക്ഷണമെനു തീരുമാനിക്കുന്നത് സര്‍ക്കാരാണെന്ന് വിവാദങ്ങളോട് പ്രതികരിച്ചെങ്കിലും അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയമുണ്ടായതിനാല്‍ പിന്മാറുകയാണെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.
ഈ വര്‍ഷത്തെ കലോത്സവത്തില്‍ റെക്കോര്‍ഡ് ഭക്ഷണ വിതരണമാണ് നടന്നത്. കലോത്സവം ആരംഭിക്കുന്നതിന്റെ തലേന്നു രാത്രി 2,000 പേര്‍ക്കു നല്കിയതു മുതല്‍ അവസാനിക്കുന്നതു വരെ 1,94,800 പേര്‍ക്കാണു ഭക്ഷണം വിളമ്പിയത്.