ജിബിന്‍ കുര്യന്
കോട്ടയം: കുറിച്ചിത്താനം പഴയിടം അടുക്കളയിൽനിന്നും അവിയലിന്റെയും സാന്പാറിന്റെയും പാലടയുടെയുമൊക്കെ ഗന്ധം ഉയർന്നിട്ട് ഒരുമാസമാകുന്നു.
അടുക്കളയുടെ അലമാരകളിൽ പാത്രങ്ങളും താഴെ വലിയ ഉരുളിയും വാർപ്പും കുട്ടകവുമൊക്കെ കഴുകി വൃത്തിയാക്കി അടുക്കിവച്ചിരിക്കുകയാണ്.
മീനം - മേടം മാസങ്ങളിൽ ഈ അടുക്കളയിലെ തീ കെടാറില്ല, വറക്കലും പൊരിക്കലുമായി രാത്രി പകലാക്കി സദ്യവട്ടം ഒരുക്കുന്ന തിരക്കിന്റെ പാചകമേളം.
കേരളത്തിലെ പ്രസിദ്ധനായ പാചക വിദഗ്ധൻ പഴയിടം മോഹനൻ നന്പൂതിരിയുടെ അടുക്കള ഇപ്പോൾ വിശ്രമത്തിലാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അടുക്കളയിലെ തീയണഞ്ഞു.
ഒരു മാസത്തിനിടയിൽ ബുക്കുചെയ്തിരുന്ന 72 വിവാഹസദ്യകളാണ് മോഹനൻ തിരുമേനിക്ക് നഷ്ടമായത്. ചിങ്ങം കഴിഞ്ഞാൽ വിവാഹം ഉൾപ്പെടെ വിശേഷങ്ങൾക്ക് ഏറ്റവും കൂടുതൽ മുഹൂർത്തം മീനമാസത്തിലാണ്.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ വിവാഹം മാത്രമല്ല 15ലധികം ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ, പത്തോളം പള്ളികളിലെ ഉൗട്ടുനേർച്ച, പ്രമുഖസംഘടനകളുടെ ഒരു ഡസൻ സമ്മേളനങ്ങൾ തുടങ്ങിയ പരിപാടികളും ചടങ്ങുകൾ മാത്രമായി ഒതുങ്ങി. വിഷുവിനും ആഘോഷങ്ങളുള്ളതായിരുന്നു.
അമേരിക്ക ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ വിഷുസദ്യ ഒരുക്കാൻ തയാറെടുപ്പുകൾ നടത്തിയിരുന്നു. കൊവിഡ് വ്യാപനത്തോടെ ഒരോന്നായി റദ്ദാക്കി. പാചക ജോലിയിൽ സജീവമായ തൊഴിലാളികളും വിളുന്പുസംഘവും ഉൾപ്പെടെ നാനൂറോളം തൊഴിലാളികൾക്കും തൊഴിൽ നഷ്ടമായി.
ലോക്ക്ഡൗണ്‍ കാലത്ത് തന്റെ അടുക്കള മരങ്ങാട്ടുപള്ളി പഞ്ചായത്തിന്റെ സമൂഹഅടുക്കള പ്രവർത്തിക്കാൻ മോഹനൻ നന്പൂതിരി സമ്മതം നൽകിയിട്ടുണ്ട്.
ഇതിനിടെ വിഷു ദിനത്തിൽ മെഡിക്കൽ കോളജിലെ രോഗികൾക്കുംകൂട്ടിരിപ്പുകാർക്കും നൽകുന്നതിനായി കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന അഭയം ചാരിറ്റബിൾ ട്രസ്റ്റിനായി 160 ലിറ്റർ പാലട പ്രഥമനും മോഹൻ തിരുമേനി സമ്മാനിച്ചു.
ലോക്ക്ഡൗണ്‍ അടുക്കളയിൽ ചപ്പാത്തിയും കറിയും
ലോക്ക്ഡൗണ്‍ അടുക്കളയിൽ ഇപ്പോൾ തീ പുകയുന്നത് ജനമൈത്രി പോലീസിന്റെ ഭക്ഷണവിതരണത്തിനാണ്.
മരങ്ങാട്ടുപള്ളി ജനമൈത്രി പോലീസും കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ലയണ്‍സ് ക്ലബ്, പഴയിടം തുടങ്ങിയവയുടെ സഹകരണത്തോടെ എംസി റോഡിൽ രാത്രികാലത്തു വരുന്ന ദീർഘദൂര വാഹനയാത്രക്കാർക്കു പ്രത്യേകിച്ച് ലോറി, ട്രക്ക് ഡ്രൈവർമാർക്ക് ഭക്ഷണം നൽകുന്ന പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷണം ഇവിടെയാണ് തയാറാക്കുന്നത്. രാത്രിസമയങ്ങളിൽ ചപ്പാത്തിയും ടൊമാറ്റോ ഫ്രൈയുമാണ് നൽകുന്നത്.
ജനമൈത്രി പോലീസാണ് ഭക്ഷണ വിതരണം നടത്തുന്നത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നോടെ പഴയിടം അടുക്കളയിൽ ചപ്പാത്തിയും കറിയുടെ പാചകം ആരംഭിക്കും. മോഹനൻ നന്പൂതിരിയുടെ മകൻ യദുകൃഷ്ണനാണ് ചപ്പാത്തിയുടെയും കറിയുടെയും മുഖ്യപാചകക്കാരൻ.
പാചകപുസ്തകം തയാറാകുന്നു
ലോക്ക്ഡൗണ്‍ സമ്മാനിച്ച വിശ്രമവേള മോഹനൻ തിരുമേനി പാഴാക്കുകയല്ല, എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള പാചകക്കുറിപ്പുകൾ ഉൾക്കൊള്ളിച്ചുള്ള പുസ്തകത്തിന്റെ പണിപ്പുരയിലാണ്.
കേരളത്തിന്റെ തനതു ഭക്ഷണത്തെയും രുചിയേയും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് പുതിയ പാചകപുസ്തകം തയാറാക്കുന്നതെന്നു മോഹനൻ നന്പൂതിരി പറഞ്ഞു. 60ൽ പരം പായസ കുറിപ്പുകളും സദ്യയ്ക്കുള്ള 400 വിഭവങ്ങളുടെ റെസിപ്പിയുമാണ് പുസ്തകത്തിലുള്ളത്.
മലബാർ, മധ്യതിരുവിതാംകൂർ, തിരുവിതാംകൂർ എന്നിങ്ങനെ മൂന്നായി തിരിച്ചുള്ള വിഭവങ്ങളും പുസ്തകത്തിൽ പരിചയപ്പെടുത്തുന്നുണ്ട്. ഇപ്പോൾ എല്ലാ ദിവസവും മൂന്നു മണിക്കൂറോളം പുസ്തക രചനയ്ക്കായി നീക്കി വയ്ക്കുന്നു. കോവിഡിന്റെ ദുരിതകാലം മാറുന്പോൾ അടുക്കള വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയാണ് മോഹനൻ തിരുമേനിക്കുള്ളത്.
എന്നാൽ അതിനുസമയമെടുക്കും. ചിങ്ങമാസത്തോടെയെ ഇനി പാചക മേഖല സജീവമാകൂ. ആർഭാടങ്ങൾ ആളുകൾ കുറയ്ക്കും. എല്ലാവരും ശരിക്കും അച്ചടക്കം പടിച്ചു. കാർഷിക മേഖലയ്ക്കു വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്.
കാർഷിക വിളകൾക്ക് ദൗർലഭ്യമുണ്ടായേക്കാം. എങ്കിലും എല്ലാ ശുഭകരമായി വരുമെന്നാണ് പാചകത്തിലെ കൈപ്പുണ്യമായ മോഹനൻ തിരുമേനിയുടെ ഉറച്ച വിശ്വാസം.
ഫോട്ടോ: അനൂപ് ടോം