കാഞ്ഞിരപ്പള്ളി: പഴയിടം ഗ്രാമത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിലെ പ്രതി അരുണ് ശശിക്ക് കിട്ടിയ ശിക്ഷ അർഹതപ്പെട്ടതെ ന്നു നാട്ടുകാരുടെ പ്രതികരണം.
2013 ഓഗസ്റ്റ് 28ന് രാത്രിയിലാണു തീമ്പനാല് വീട്ടില് ഭാസ്കരന് നായര് (71), ഭാര്യ തങ്കമ്മ (68) എന്നിവര് കൊല്ലപ്പെടുന്നത്. കൊലപാതകത്തിന്റെ ഞെട്ടലിനെക്കാള് ഭയപ്പെടുത്തിയ വാര്ത്തയായിരുന്നു പ്രതി അരുണ് ആണെന്ന് അറിഞ്ഞപ്പോള് ഉണ്ടായതെന്ന് നാട്ടുകാര് പറയുന്നു.
കൊലപാതകമുണ്ടായ അന്നു മുതല് നാട്ടുകാര്ക്കും പോലീസിനും ഒപ്പമുണ്ടായിരുന്ന ഒരാള്. വീട്ടിനകത്തും പുറത്തും എല്ലാ തെളിവെടുപ്പിനും പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കാന് മുന്നോട്ടുവന്നതും ആക്ഷന് കൗണ്സില് രൂപീകരിച്ച് അന്വേഷണം ഊര്ജിതമാക്കണമെന്ന ആവശ്യവുമായി മുന്നില് നിന്നതും അരുണ് ആയിരുന്നു.
പിന്നീട് ഒരു മാസത്തിനുശേഷം കോട്ടയത്ത് വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച കേസില് പിടിയിലാകുന്നതുവരെ അരുണിലേക്ക് പോലീസിന്റെയോ നാട്ടുകാരുടെയോ സംശയമുന നീണ്ടില്ല.
പഴയിടത്ത് ആഴ്ചകള് നീണ്ട അന്വേഷണത്തിലും ഡോഗ് സ്ക്വാഡ് അന്വേഷണത്തിലും കാര്യമായ തെളിവൊന്നും കിട്ടാതിരുന്നത് സംശയം അരുണിലേക്കെത്താന് ഇടയാക്കിയില്ല.
കൊലപാതകത്തിനുശേഷം മുറികളിലാകെ മുളകുപൊടിയും മഞ്ഞള്പ്പൊടിയും വിതറി തെളിവുകള് നശിപ്പിക്കുന്നതിലും അരുണ് വിജയിച്ചിരുന്നു.
പോലീസ് നായ വീടിനുള്ളില്നിന്നു മണം പിടിച്ചു തൊട്ടടുത്ത കവല വരെ ഓടിയെങ്കിലും പ്രതിയെ പിടികൂടാനുള്ള സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇപ്പോള് 10 വര്ഷങ്ങള്ക്കുശേഷം അര്ഹമായ ശിക്ഷയാണ് ലഭിച്ചതെന്ന് നാട്ടുകാര് പറയുന്നു.