ജോമോൻ പിറവം
പിറവം: ചുട്ടുപൊള്ളുന്ന വേനലിൽ കിഴക്കൻ മലമുകളിൽ നിന്നും ഒഴുകിയെത്തുന്ന തണുത്ത വെള്ളത്തിൽ ആസ്വദിച്ച് കുളിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ പാഴൂർ മണപ്പുറത്ത് വന്നാൽ മതി. ദിവസവും രാവിലെ മുതൽ നിരവധിയാളുകളാണ് കുടുംബ സമേതം പുഴയിലെ വെള്ളത്തിൽ കുളിക്കാനായി എത്തിച്ചേരുന്നത്.
പുഴവെള്ളത്തിന് ഒഴുക്കില്ലാത്തതും, ബീച്ചിന്റെ പ്രതീതി ജനിപ്പിക്കുന്ന മണൽത്തിട്ടകളുമെല്ലാം ആളുകളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. ദൂര പ്രദേശങ്ങളിൽ നിന്നുപോലും കുടുംബസമേതം ആളുകൾ വരുന്നുണ്ട്. ഏകദേശം പുഴയുടെ മധ്യഭാഗത്തിനടുത്തുവരെ കൊച്ചുകുട്ടികൾക്ക് നടന്നുപോകാൻ സാധിക്കുമെന്നുള്ളത് ഏറെ രസകരമാണ്. കുട്ടികൾക്ക് അരയ്ക്കൊപ്പം വെള്ളത്തിൽ പുഴയിലേക്ക് ഏറെ ഇറങ്ങി നടക്കാൻ സാധിക്കും.
വർഷകാലത്ത് ഒഴുക്കുള്ള സമയം പ്രദേശത്ത് അപകട സാധ്യതയുണ്ടെങ്കിലും, ഇപ്പോൾ തീർത്തും അപകടരഹിതമാണന്ന് സമീപവാസികൾ പറയുന്നു. ഇതിനാൽ കുട്ടികളും സ്ത്രീകളുമെല്ലാം പിറവം പുഴയിലെ തെളിഞ്ഞ വെള്ളത്തിൽ തിമിർക്കുകയാണ്. മണപ്പുറത്തേക്ക് എത്തുന്നതിന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മഴവിൽപാലം നിർമിച്ചതാണ് ഇതിനുള്ള വഴിതെളിച്ചത്. നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന മണപ്പുറത്തേക്ക് എത്തുന്നതിന് കടത്തുവള്ളം മാത്രമായിരുന്നു നേരത്തെ ആശ്രയം.
ഇതിനാൽ ഈ ഭാഗത്തേക്ക് ആരും എത്താറില്ലായിരുന്നു. മുന്നു വർഷം മുന്പ് പാലം തുറന്നുകൊടുത്തുവെങ്കിലും കഴിഞ്ഞ വേൽക്കാലത്തെ സീസണ് മുതലാണ് മണപ്പുറത്തേക്ക് കുളിക്കുന്നതിനായി ആളുകൾ വന്നുതുടങ്ങിയത്. ഏകദേശം 700 മീറ്ററോളം നീളത്തിൽ മണപ്പുറമുള്ളതിനാൽ കുളിക്കുന്നതിന് ഏറെ സൗകര്യമാണ്. ബാക്കി ഭാഗത്ത് വൃക്ഷങ്ങൾ ഇടതൂർന്ന് വളർന്ന് കാടുപിടിച്ചുകിടക്കുകയാണ്. കുളിക്കാനെത്തുന്നവരിൽ ചിലർ ചൂണ്ടയുമാണ് വരുന്നത്. ധാരാളം മത്സ്യമുള്ള ഭാഗമായതിനാൽ ചൂണ്ടയിട്ട് മത്സ്യങ്ങളും ലഭിക്കുന്നുണ്ട്.
പക്ഷെ ഇവിടെ കുളിക്കാനെത്തുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലെന്നുള്ളതാണ് ഏറെ പരിതാപകരം. ഉടുത്തു കുളിക്കുന്നതിന് ഒരു തോർത്ത് വാങ്ങണമെങ്കിൽ രണ്ട് കിലോമീറ്റർ അകലെയുള്ള പിറവം ടൗണിൽ പോകേണ്ടിവരും. മറ്റൊരു പ്രധാന പ്രശ്നം സ്ത്രീകൾ കുളിച്ചുകഴിഞ്ഞാൽ വസ്ത്രം മാറുന്നതിന് സൗകര്യമൊന്നും ഒരുക്കിയിട്ടില്ലെന്നുള്ളതാണ്. ഇതിനുവേണ്ട നടപടി സ്വീകരിക്കണമെന്ന് നഗരസഭ അധികൃതരോട് നാട്ടുകാർ ആവശ്യപ്പെടുന്നു.
കേരള സർക്കാർ സംരക്ഷിത ചരിത്ര സ്മാരകമായി പ്രഖ്യാപിച്ച പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിനടുത്താണ് മണപ്പുറവും സ്ഥിതി ചെയ്യുന്നത്. ശിവരാത്രി നാളിലും, കർക്കിടക വാവിനും ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിന് വിശ്വാസികൾ ബലിതർപ്പണം നടത്തുന്നത് ഈ മണപ്പുറത്താണ്. പണ്ട് ചെന്പകശേരി കടവുമുതൽ മൂന്ന് കീലോമീറ്ററിലധികം നീളത്തിൽ വ്യാപിച്ചുകിടന്ന മണപ്പുറം ഏറെ മനോഹാരിത നിറഞ്ഞതായിരുന്നു. ആറ്റുവഞ്ചി ചെടികൾ നിറഞ്ഞുനിന്ന പ്രദേശത്ത് നിരവധി അപൂർവങ്ങളായ പക്ഷികൾ ഓരോ സീസണുകളിലുമെത്തി കൂടുകൂട്ടുന്നതു കാണാവുന്നതാണ്.
മുവാറ്റുപുഴയാറ് പാഴൂർ ക്ഷേത്രത്തിന്റെ അടുക്കലെത്തുന്പോൾ ഗതിതിരിഞ്ഞ് കിഴക്കോട്ടാണ് ഒഴുകുന്നത്. ക്ഷേത്രം സ്ഥിതിചെയ്യുന്നതുപോലും പുഴയിൽ രൂപപ്പെട്ട ചെറിയ കുന്നിന്റെ മുകളിലാണ്. ഇതുമൂലമാണ് ക്ഷേത്രത്തിന് നേരെ മുന്പിൽ പുഴയിൽ നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട് മണപ്പുറമുണ്ടായതെന്ന് കരുതുന്നു. മണപ്പുറത്തിന്റെ ഉടമസ്ഥാവകാശം പിറവം നഗരസഭയ്ക്കാണ്.
ഇതുകൊണ്ട് തന്നെ പതിറ്റാണ്ടുകളായി മാറി വരുന്ന ഭരണ സമിതികൾ നിരവധി പദ്ധതികളാണ് തയാറാക്കുന്നത്. ബജറ്റിൽ ഇതിന് വേണ്ടി ലക്ഷങ്ങൾ വകകൊള്ളിക്കാറുണ്ടെങ്കിലും ഇതൊന്നും നടപ്പായിട്ടില്ല. മണപ്പുറത്തിന്റെ വ്യാപ്തി കുറയുന്നത് മനസിലാക്കി സംരക്ഷണ ഭിത്തികൾ കെട്ടിപ്പൊക്കാനാണ് പ്രഥമ പരിഗണന നൽകിയിരുന്നത്. പാർക്ക് നിർമിക്കാനും പദ്ധതിയുണ്ടായിരുന്നു.
മണപ്പുറം ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് മഴവിൽ പാലം പൂർത്തിയാക്കിയത്. തുടർന്നുള്ള വികസനം ഇവിടെ അവസാനിച്ചുവെന്ന് പറയേണ്ടിവരും. ബുധശുക്രന്മാർ കാവൽ നിൽക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന പ്രസിദ്ധമായ പാഴൂർ പടിപ്പുരയുടേയും, പെരുംതൃക്കോവിൽ ക്ഷേത്രത്തിന്റെയുമെല്ലാം ഐതിഹ്യങ്ങളിൽ ഏറെ പ്രാധാന്യത്തോടെ മണപ്പുറവും നിറഞ്ഞുനിൽക്കുന്നുണ്ട്. ഏതായാലും ഈ വേനൽക്കാലത്ത് മണപ്പുറം സജീവമായിരിക്കുകയാണ്. ഇവിടെയെത്തുന്നവർക്ക് വേണ്ടി അടിസ്ഥാന സൗകര്യങ്ങളും കൂടി ഒരുക്കിയാൽ, ഇത് ഒരു സംഭവമായി മാറും.