ഭോപ്പാൽ: മധ്യപ്രദേശിൽ വീണ്ടും ഗോരക്ഷകരുടെ ആക്രമണം. പശുക്കടത്ത് ആരോപിച്ച് മധ്യപ്രദേശിലെ ഖാണ്ഡ്വയിൽ 25പേരെ നടുറോഡിൽകെട്ടിയിട്ടു. നൂറോളം പേരാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പിടികൂടിയവരെ മുട്ടിൻമേൽ നിർത്തി “ഗോമാതാ കീ ജയ്’ മുദ്രാവാക്യം വിളിപ്പിച്ചു.
വടികളേന്തിയ ആൾക്കൂട്ടം ഇവരെ ബലമായി നടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾസോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇവരെ തെരുവിലൂടെ മൂന്ന് കിലോമീറ്റർ നടത്തിച്ച് ഖൽവ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. രേഖകളില്ലാതെ മഹാരാഷ്ട്രയിലേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നതിന് 25 പേർക്കെതിരെയും കേസെടുത്തതായി പോലീസ് പറഞ്ഞു.
സുരക്ഷാ കാരണങ്ങളാൽ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് വിലക്കിയതായും പോലിസ് അറിയിച്ചു. അനുമതിയില്ലാതെ പശുവിനെ കടത്തിയവർക്കെതിരെയും ഇവരെ മർദ്ദിക്കുകയും കെട്ടിയിടുകയും ചെയ്തവർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ഖൻഡ്വ എസ്.പി ശിവ്ദയാൽ സിംഗ് പറഞ്ഞു. പശുക്കളെ കടത്താനുപയോഗിച്ച 21 ട്രക്കുകൾ പിടികൂടി പശുക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയെന്നും പോലിസ് അറിയിച്ചു.