വിളക്കുപാറ: കിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളായ ആര്‍പിഎല്‍, ഓയില്‍പാം എസ്റ്റേറ്റുകളില്‍ മേയാന്‍ വിടുന്ന കന്നുകാലികളെ മോഷ്ടിച്ച് ഇറച്ചിയാക്കി കടത്തുന്ന സംഘം വീണ്ടും സജീവം. ആദ്യ കാലങ്ങളില്‍ കന്നുകാലികളെ മോഷ്ടിച്ചു വാഹനങ്ങളില്‍ കടത്തുമായിരുന്നു എങ്കില്‍ ഇപ്പോള്‍ കന്നുകാലികളെ തോട്ടങ്ങളിലെ ആളൊഴിഞ്ഞ ഭാഗങ്ങളില്‍ എത്തിച്ച് കൊന്ന് ഇറച്ചിയാക്കി കടത്തുകയാണ് പതിവ്
വിളക്കുപാറ ലക്ഷ്മി വിലാസത്തില്‍ പുഷ്പലതയുടെ പശുവിനെ രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒായില്‍പാം എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കശാപ്പിനു ശേഷം ഉപേക്ഷിച്ച ശരീരഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്.
ഇതിനുമുമ്പും നിരവധിയാളുകളുടെ കന്നുകാലികളെ കാണാതായിട്ടുണ്ട്. പോലീസില്‍ പരാതി നല്കിയാലും കാര്യമായ അന്വേഷണം ഉണ്ടാകാറില്ല. മാസങ്ങള്‍ക്ക് മുമ്പും ഇത്തരത്തില്‍ കന്നുകാലികളെ വ്യാപകമായി കാണാതായത്തോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ രാത്രികാല പരിശോധനങ്ങള്‍ ശക്തമാക്കിയിരുന്നു. അന്ന് അല്‍പ്പം കുറവുണ്ടായിരുന്ന കന്നുകാലി മോഷണം ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്.
കന്നുകാലികളെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയാല്‍ പിടിക്കപെടാന്‍ സാധ്യത കൂടുതലാണ് എന്നതിനാല്‍ കൊന്നു ഇറച്ചിയാക്കി ചെറിയ കവറുകളിലോ ചാക്കിലോ കടത്താറാണ് ഇപ്പോള്‍ പതിവ്. രാത്രി കാലങ്ങളില്‍ ഓയില്‍പാം ആര് പി എല്‍ ചെക്ക്പോസ്റ്റുകളില്‍ വാഹന പരിശോധനയില്ലത്തതാണ് ഇത്തരക്കാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുന്നത്. തോട്ടങ്ങളിലെ ചില ചെക്പോസ്റ്റ് ജീവനക്കാര്‍ക്ക് ഇറച്ചി കടത്തില്‍ പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.