കടുത്തുരുത്തി: നാല് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അഞ്ച് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പശുവിന് പ്രസവം. തള്ളപശുവും മൂരിക്കിടാവും സുഖമായിരിക്കുന്നു. കുറുപ്പന്തറയിലാണ് അപൂര്‍വമായ സംഭവം നടന്നത്.
ക്ഷീരകര്‍ഷകനായ കുറുപ്പന്തറ കടവിലെ കളരിക്കല്‍ ജോസിന്റെ പശുവാണ് കന്നി പ്രസവത്തില്‍ ശസ്ത്രക്രിയിയലൂടെ കിടാവിന് ജന്മം നല്‍കിയത്. സമയം കഴിഞ്ഞിട്ടും പശു പ്രസവിക്കാതെ വന്നതോടെയാണ് രാവിലെ ഒമ്പതോടെ ജോസ് മാന്‍വെട്ടത്തെ മൃഗാശുപത്രിയിലെത്തി വെറ്ററിനറി സര്ജന് ഡോ. ദിവ്യാമോള്‍ തോമസിനോട് വിവരം പറയുന്നത്.
തുടര്‍ന്ന് ഡോ. ദിവ്യയെത്തി നടത്തിയ പരിശോധനയില്‍ കിടാവിന് അമിതമായ വളര്‍ച്ചയുണ്ടെന്നും തല തിരിഞ്ഞാണ് കിടാവ് കിടക്കുന്നതെന്നും കണ്ടെത്തിയത്. പ്രശ്നം സങ്കീര്‍ണമായതിനാല്‍ ഡോ. ദിവ്യ, സമീപത്തെ കല്ലറ വെറ്ററിനറി സര്‍ജനായ ഡോ. രേഖാ രവീന്ദ്രനെയും ആര്‍പ്പൂക്കരയിലെ ഡോ. അഭിജിത്ത് തമ്പാനെയും സഹായത്തിനായി വിളിച്ചു.
തുടര്‍ന്ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ശസ്ത്രക്രിയ നടത്താതെ കൈ ഉപയോഗിച്ചു കിടാവിനെ പുറത്ത് എടുക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കുറിച്ചിത്താനം മൃഗാശുപത്രിയിലെ വെറ്ററിനറി സര്ജന് ഡോ. ജോജി മാത്യുവിനെ വിളിച്ചു വരുത്തുകയായിരുന്നു.
ഇദ്ദേഹത്തി പരിശോധനയില്‍ മറ്റ് മാര്‍ഗമില്ലെന്ന് മനസിലാക്കി രണ്ട് മണിയോടെ ശസ്ത്രക്രിയ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി ഏഴോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി കിടാവിനെ പുറത്തെടുത്തത്. ഗര്‍ഭിണിയായിരിക്കെയാണ് സങ്കരയിനത്തില്‍പെട്ട ഈ പശുവിനെ ജോസ് വാങ്ങുന്നത്.
ഇതിനെ കൂടാതെ മൂന്ന് കിടാരികള്‍ കൂടി ഇദേഹത്തിനുണ്ട്. പത്ത് ദിവസങ്ങള്‍ക്കു ശേഷം സ്റ്റിച്ച് എടുക്കാമെന്ന് ശസ്ത്രക്രിയക്കു നേതൃത്വം നല്കിയ ഡോ. ജോജി മാത്യുവും ഡോ. ദിവ്യ തോമസും പറഞ്ഞു.