മനുഷ്യർ പല മൃഗങ്ങളോടും ചങ്ങാത്തംകൂടാറുണ്ട്. എന്നാൽ കൊടുംവിഷമുള്ള പഴുതാരയോട് കൂട്ടുകൂടി വ്യത്യസ്തനാകുകയാണ് നെയ്ൽ ചെങ്ങ് എന്ന തായ്വാൻ യുവാവ്. അഞ്ചു വർഷമായി ഒരു പഴുതാര ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം നെയിലിന്റെ കൂടെയാണ്. നെയ്ലിന്റെ ശരീരത്തിലൂടെ ഓടിക്കളിക്കുന്നതാണത്രെ ഈ പഴുതാരയുടെ ഇഷ്ട വിനോദം.
നമ്മുടെ നാട്ടിൽ കാണുന്നതുപോലുള്ള ചെറിയ പഴുതാരയൊന്നുമല്ല നെയ്ലിന്റെ കൂട്ടുകാരൻ. 42 സെന്റീമീറ്ററാണ് ഈ പഴുതാരയുടെ നീളം. ലോകത്ത് ഇന്ന് കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും നീളം കൂടിയ പെറൂവിയൻ പഴുതാരയാണിത്. നെയ്ലിനെപ്പോലെ പെറൂവിയൻ പഴുതാരകളെ വളർത്തുന്ന നിരവധിയാളുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്.
ചെറിയ പ്രാണികളെയും ചിലന്തികളെയും പല്ലികളെയും വേണമെങ്കിൽ പാന്പിനെ വരെ ഇവ അകത്താക്കാറുണ്ട്. പഴുതാരകൾക്ക് കൊടുക്കാനുള്ള ഭക്ഷണമൊന്നും വിപണിയിൽ ലഭ്യമല്ലാത്തതിനാൽ പൂച്ചകൾക്കുള്ള ഭക്ഷണമാണ് നെയ്ൽ കൂട്ടുകാരന് വാങ്ങി നൽകുന്നത്.
പഴുതാരകളുടെ ഉടലിന്റെ വലുപ്പം കൂടുംതോറും അവയുടെ ശരീരത്തിലെ വിഷത്തിന്റെ അളവും കൂടും. ഈ പഴുതാര കടിച്ചാൽ കുട്ടികളുടെ മരണത്തിന് വരെ അത് കാരണമാകാമെന്ന് കണ്ടെത്തിയിട്ടുണ്ട്.എന്നാൽ നെയ്ലിന് തന്റെ ചങ്ങാതിയുടെ ശരീരത്തിലെ വിഷത്തെക്കുറിച്ചൊന്നും യാതൊരു പേടിയുമില്ല.