കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ അതിജീവിതയ് ക്കൊപ്പം നിന്ന സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി. അനിത മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ (ഡിഎംഇ) ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ജോലിയിൽ പ്രവേശിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സീനിയർ നഴ്സിംഗ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ പി.ബി. അനിത രജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്തി ജോലിയിൽ പ്രവേശിച്ചു.
യുഡിഎഫും വിവിധ സാമൂഹിക പ്രവർത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടർന്ന് അനിതയെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ ശനിയാഴ്ച രാത്രി ആരോഗ്യവകുപ്പ് അധികൃതർ ഉത്തരവിറക്കുകയായിരുന്നു.
അനിതയുടെ സ്ഥലം മാറ്റം റദ്ദാക്കിയ കോടതി വിധിക്കെതിരേ വെള്ളിയാഴ്ച സർക്കാർ ഹൈക്കോടതിയിൽ നൽകിയ റിവ്യൂ പെറ്റീഷന്റെ അന്തിമ വിധിക്കനുസരിച്ചായിരിക്കും ഇപ്പോഴത്തെ നിയമനമെന്നു ശനിയാഴ്ചത്തെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. താത്കാലികമായി നിയമന ഉത്തരവ് നൽകിയെങ്കിലും അനിതയോട് ആരോഗ്യവകുപ്പിനു പ്രതികാരബുദ്ധിയാണുള്ളതെന്ന് ഉത്തരവിൽനിന്നു വ്യക്തമാണ്. ഐസിയു പീഡനക്കേസിൽ മേൽനോട്ടവീഴ്ചയുണ്ടായെന്നാരോപിച്ച് അനിതയ്ക്ക് കോഴിക്കോട്ട് നിയമനം നൽകാതിരിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.
അനിതയ്ക്കു വീഴ്ച സംഭവിച്ചെന്നാരോപിച്ച് ആരോഗ്യ വകുപ്പ് കോഴിക്കോട്ടുനിന്ന് ഇടുക്കി മെഡിക്കൽ കോളജിലേക്കാണ് സ്ഥലം മാറ്റിയത്. ആ ഉത്തരവ് അനിത ഹൈക്കോടതിയെ സമീപിച്ച് റദ്ദാക്കി. ഏപ്രിൽ ഒന്നിനു വരുന്ന ഒഴിവനുസരിച്ച് അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ നിയമനം നൽകണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്.
ഈ ഉത്തരവ് പാലിക്കാത്തതിനെതിരേ കഴിഞ്ഞദിവസം സർക്കാരിനെതിരേ അനിത ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഈ ഹർജിയും അനിതയുടെ സ്ഥലം മാറ്റം റദ്ദാക്കിയതിനെതിരേ സർക്കാർ സമർപ്പിച്ച റിവ്യൂ പെറ്റീഷനും ഇന്നു ഹൈക്കോടതി പരിഗണിച്ചേക്കും.
അനിതയുടെ സ്ഥലംമാറ്റം സംബന്ധിച്ച വിധി നടപ്പാക്കാത്തതിനു കോടതിയിൽനിന്നു തിരിച്ചടിയുണ്ടാകുമോയെന്നു ഭയന്നാണ് ശനിയാഴ്ച രാത്രിക്ക് ആരോഗ്യവകുപ്പ് ഉത്തരവ് ഇറക്കിയത്. റിവ്യൂ പെറ്റീഷൻ നൽകിയശേഷമാണ് അനിതയ്ക്ക് ഉപാധികളോടെ നിയമനം നൽകാൻ ആരോഗ്യവകുപ്പ് തയാറായത്. അനിതയ്ക്ക് വീഴ്ചയുണ്ടായിയെന്ന് കോടതിയിലറിയിച്ച് അനുകൂല ഉത്തരവ് സന്പാദിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.
അനിതയ്ക്ക് ഐക്യദാർഢ്യവുമായി അതിജീവിത
മെഡിക്കൽ കോളജിലെ അറ്റൻഡറുടെ ലൈംഗിക അതിക്രമത്തിന് ഇരയായ തനിക്ക് പി.ബി. അനിതയാണ് പിന്തുണ നൽകി ഒപ്പം നിന്നതെന്ന് അതിജീവിത ഇപ്പോഴും ആവർത്തിക്കുന്നുണ്ട്. അനിതയ്ക്ക് ഐക്യദാർഢ്യവുമായി അതിജീവിത മെഡിക്കൽ കോളജിലെത്തി കണ്ണുമൂടിക്കെട്ടി സമരം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. പക്ഷേ, അനിത കുറ്റക്കാരിയാണെന്നാണ് ആരോഗ്യമന്ത്രി അടക്കമുള്ളവരുടെ നിലപാട്.
തന്നെ സന്ദർശിച്ച് പരാതി പിൻവലിപ്പിക്കാൻ സമ്മർദം ചെലുത്തിയെന്നു ചൂണ്ടിക്കാട്ടി മെഡിക്കൽ കോളജിലെ മറ്റു ജീവനക്കാർക്കെതിരേ അതിജീവിത നൽകിയ പരാതിയിൽ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിലാണ് സീനിയർ നഴ്സിംഗ് ഓഫീസറായ അനിതയ്ക്കെതിരേ പരാമർശമുള്ളത്.