ഡാളസ്: ഡാളസിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ പതിനാലുകാരിയുടെ കൊലപാതകത്തിൽ പ്രതി എന്നു സംശയിക്കുന്ന ടൈറൻ ഡേവിഡ് എന്ന ഇരുപത്തിരണ്ടുകാരനെ ഡാളസ് പോലീസ് അറസ്റ്റു ചെയ്തു.
ഡിസംബർ 15 ന് ഡാളസ് സൗത്ത് മെറിഫീൽഡ് റോഡിലാണ് നെവിയ ഫോസ്റ്റർ എന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഡാളസ് ഫയർ റെസ്ക്യുവാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നിരവധി വെടിയുണ്ടകൾ തറച്ചിരുന്നതായി പോലീസ് പറഞ്ഞു.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ഒരു മൈൽ അകലെയുള്ള അപ്പാർട്ട്മെന്റിലാണ് നെവിയ മാതാവിനോടൊപ്പം താമസിച്ചിരുന്നത്.
മാനസിക വൈകല്യമുള്ള മകൾ ഇടയ്ക്കിടെ അപ്പാർട്ടുമെന്റിൽനിന്നും അപ്രത്യക്ഷമാകുക പതിവാണെന്നും എന്നാൽ രാത്രിയോടെ തിരിച്ചെത്താറുണ്ടെന്നും മാതാവ് പറഞ്ഞു.
സംഭവദിവസം രാത്രി ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താഞ്ഞതിനെതുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
അറസ്റ്റ് ചെയ്യപ്പെട്ട യുവാവിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഡാളസ് ജയിലിൽ അടയ്ക്കപ്പെട്ട പ്രതിക്ക് ഒരു മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
2018 ൽ കാർ ഡീലർഷിപ്പിൽ അക്രമം നടത്തി 15,000 ഡോളർ നഷ്ടമുണ്ടാക്കിയ കേസിൽ മൂന്നു വർഷം പ്രൊബേഷനിൽ കഴിഞ്ഞിരുന്ന പ്രതിയുടെ കാലാവധി നവംബർ 23നായിരുന്നു അവസാനിച്ചത്.
പി.പി. ചെറിയാൻ