കോട്ടയം: റെയിൽവേ സ്റ്റേഷനിൽ നിന്ന് കാണാതായ ദന്പതികൾക്കായി പോലീസ് ഉൗർജിത അന്വേഷണം ആരംഭിച്ചു. മാങ്ങാനം പുതുക്കാട്ട് പി.സി.ഏബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരെയാണ് കാണാതായത്. ഇവർ ഇന്നലെ പുലർച്ചെ കോട്ടയം റെയിൽവേ സ്റ്റേഷൻ വരെ എത്തിയതായി വ്യക്തമായി. പിന്നെ എങ്ങോട്ടു പോയി എന്നതിനെക്കുറിച്ച് സൂചനയൊന്നുമില്ല.
ഏബ്രഹാം കെഎസ്ഇബിയിൽ റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറാണ്. ഇന്നലെ രാവിലെ വീട്ടുകാർ ഉണർന്നപ്പോൾ ഇവരെ കാണാനില്ല എന്നാണ് ഈസ്റ്റ് സ്റ്റേഷനിൽ ലഭിച്ച പരാതി. ഇന്നലെ പുലർച്ചെ 2.53ന് കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്തെ പാർക്കിംഗ് ഏരിയയിൽ ഇവരുടെ സ്കൂട്ടർ് വച്ചിട്ട് പോയതായി പോലീസിന് വിവരം ലഭിച്ചു. കാണാതായ ദന്പതികൾ തന്നെയാണ് സ്കൂട്ടർ വച്ചതെന്ന് വ്യക്തമായതോടെ ഇവർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കാണാതായതെന്ന് അനുമാനിക്കുന്നു.
രണ്ടുദിവസത്തേക്കാണ് പാർക്കിംഗ് ഫീസ് അടച്ചിരിക്കുന്നത്. സ്കൂട്ടർ വച്ച ശേഷം റെയിൽവേ സ്റ്റേഷനിലേക്ക് പോയതായി പാർക്കിംഗ് ഫീസ് പിരിക്കുന്നവർ പോലീസിനെ അറിയിച്ചു. എവിടേക്കു പോയി എന്നു വ്യക്തമല്ല. പള്ളിയിൽ പോയെന്നു കരുതി വീട്ടുകാർ ആദ്യം അന്വേഷിച്ചില്ല. എന്നാൽ പള്ളിയിൽ പോയി വരുന്ന സമയമായിട്ടും എത്താതായപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. മൊബൈൽ ഫോണ്, എടിഎം കാർഡ്, പഴ്സ് എന്നിവ വീട്ടിൽ വച്ചിട്ടാണ് ഇരുവരും പോയിരിക്കുന്നത്. പോലീസ് ഉൗർജിതമായി അന്വേഷിച്ചുവരുന്നു.
സാധാരണ പാന്റ്സ് ധരിക്കുന്ന ഏബ്രഹാം ഇന്നലെ മുണ്ടും ഷർട്ടുമാണ് ധരിച്ചത്. പള്ളിയിൽ പോകുന്പോൾ മാത്രമാണ് മുണ്ടും ഷർട്ടും ധരിക്കാറുള്ളതെന്ന് മകൻ ടിൻസി രാഷ്്ട്രദീപികയോട് പറഞ്ഞു. എവിടെയെങ്കിലും ധ്യാനത്തിന് പോയിട്ടുണ്ടാകുമെന്ന വിശ്വാസത്തിലാണ് ബന്ധുക്കൾ.
പുലർച്ചെ 2.53നാണ് സ്കൂട്ടർ റെയിൽവേ സ്റ്റേഷനിൽ വച്ചത്. അപ്പോൾ അര മണിക്കൂർ മുൻപെങ്കിലും ഇവർ വീട്ടിൽ നിന്ന് പുറപ്പെട്ടിട്ടുണ്ടാവണം. വീട്ടിൽ നിന്ന് പുറപ്പെടുന്നത് സമീപത്തെ വീട്ടുകാർ ആരും കണ്ടതായി പറയുന്നില്ല. വീടിന്റെ മുകളിലത്തെ നിലയിൽ മകനും കുടുംബവും താഴത്തെ നിലയിൽ ഏബ്രഹാമും ഭാര്യയുമാണ് താമസം. അതിനാൽ പുലർച്ചെ ദന്പതികൾ വീടുവിട്ട വിവരം മകൻ അറിഞ്ഞില്ല.
ട്രെയിനിൽ കയറി എവിടേക്കെങ്കിലും പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്. റെയിൽവേ സ്റ്റേഷനിൽ സിസിടിവി കാമറ ഇല്ലാത്തതിനാൽ റെയിൽവേ വഴി പോയോ എന്നറിയാൻ മാർഗമില്ല. സമീപത്ത് ഏതെങ്കിലും കടയിൽ കാമറ സ്ഥാപിച്ചിട്ടുണ്ടോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. അറുപറയിൽ നിന്ന കാണാതായ ദന്പതികളെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ പോലീസ് ഇരുട്ടിൽ തപ്പുന്പോഴാണ് വീണ്ടുമൊരു ദന്പതി തിരോധാനം.