കൊച്ചി: രാജ്യത്തെ 93 ശതമാനം ക്രയവിക്രയങ്ങളും കറന്‍സി മുഖേന നടക്കുന്നതിനാല്‍ കറന്‍സിരഹിത ഇന്ത്യയെ സൃഷ്ടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം സത്യസന്ധതയില്ലായ്മയുടെ ഏറ്റവും വലിയ തെളിവാമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് പി.സി. ചാക്കോ. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിളവെടുപ്പ് കാലത്ത് ഇന്ത്യയിലെ കാര്‍ഷികമേഖല പ്രതിസന്ധിയിലായി എന്നുമാത്രമല്ല, കൃഷിഭൂമിയുടെ അളവ് കുറയുന്നതിനു കൂടി നോട്ട് റദ്ദാക്കല്‍ കാരണമായി. കള്ളപ്പണം പിടിക്കാന്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെ തീവ്രവാദികള്‍ക്ക് കള്ളനോട്ട് വെളുപ്പിക്കാനുള്ള അവസരമാണ് ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തില്‍ മഞ്ഞപ്പിത്തം ബാധിച്ച് നാലു പേര് മരിക്കുകയും 240-ഓളം പേര് രോഗബാധിതരായിട്ടും യാതൊരുവിധ ധനസഹായമോ ചികിത്സാ സൗകര്യങ്ങളോ ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പിനോ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല.
മരണപ്പെട്ട കുടുംബങ്ങള്‍ക്കുള്ള ധനസഹായം അടിയന്തരമായി അനുവദിക്കണമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന് എംഎല്‍എ, ബെന്നി ബഹനാന്, കെ.ബാബു, കെ.പി. ധനപാലന്, വത്സല പ്രസന്നകുമാര്‍, വി.ജെ. പൗലോസ്, എന്‍. വേണുഗോപാല്‍, എംഎല്‍എമാരായ ഹൈബി ഈഡന്, വി.പി. സജീന്ദ്രന്, അന്‍വര്‍ സാദത്ത്, റോജി ജോണ്‍, കെപിസിസി ഭാരവാഹികളായ ഐ.കെ. രാജു, അബ്ദുള്‍ മുത്തലിബ്, എം. പ്രേമചന്ദ്രന്, കെ.കെ. വിജയലക്ഷ്മി, ജയ്സണ്‍ ജോസഫ്, ഡിസിസി ഭാരവാഹികളായ ഡാനിയല്‍ വര്‍ഗീസ്, കെ.എക്സ്. സേവ്യര്‍, അബു മൊയ്തീന് എന്നിവര്‍ പ്രസംഗിച്ചു. രാജ്യവ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി ആറിന് എറണാകുളം ബിഎസ്എന്‍എല്‍ ഓഫീസ് പിക്കറ്റ് ചെയ്യാന്‍ യോഗം തീരുമാനിച്ചു. രാവിലെ 10ന് ഹൈക്കോടതി ജംഗ്ഷനില്‍ നിന്ന് പ്രതിഷേധ പ്രകടനം ആരംഭിക്കും.