കൊച്ചി: മുതിർന്ന നേതാവ് പി.സി.ചാക്കോ കോണ്ഗ്രസ് വിട്ടു. കേരളത്തിൽ കോൺഗ്രസ് എന്ന പാർട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ രാജി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും രാജിക്കത്ത് കൈമാറിയതായും ചാക്കോ അറിയിച്ചു.
ഗ്രൂപ്പുകൾക്കെതിരേയും ചാക്കോ രൂക്ഷ വിമർശനം നടത്തി. കേരളത്തിൽ ഇന്ന് കോൺഗ്രസ് എന്ന പാർട്ടി ഇല്ല. പകരം ഐ കോൺഗ്രസ്, എ കോൺഗ്രസ് എന്നിവയാണ് ഉള്ളത്. ഗ്രൂപ്പ് വീതം വയ്ക്കൽ മാത്രമാണ് ഇവിടെ നടക്കുന്നത്. വി.എം. സുധീരനെ ഗ്രൂപ്പുകൾ ശ്വാസം മുട്ടിച്ച് പുറത്താക്കി.
ഗ്രൂപ്പുകൾക്ക് അതീതമായി പ്രവർത്തിക്കുന്നവരെ കോൺഗ്രസിൽ ആരും സംരക്ഷിക്കില്ല. ശക്തമായി നയിക്കാൻ പോരുന്ന ഒരു നേതൃത്വവും ഇന്ന് കോൺഗ്രസിനില്ല. പഴയ പ്രതാപത്തിന്റെ മഹിമയിൽ ഓരോ ദിവസവും ദുർബലമായിക്കൊണ്ടിരിക്കുകയാണ് ആ പാർട്ടിയെന്നും ചാക്കോ പറഞ്ഞു.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി പോലും സ്ഥാനാർഥികളെ അറിഞ്ഞിട്ടില്ല. രണ്ടു ഗ്രൂപ്പുകളുടെ ഏകോപന സമിതി മാത്രമാണ് ഇവിടെ ഉള്ളത്. ഇവരുടെ ലിസ്റ്റിന് അംഗീകാരം നൽകുക മാത്രമാണ് ഹൈക്കമാൻഡ് ചെയ്യുകയെന്നും ചാക്കോ വിമർശിച്ചു.
ബിജെപിയെ നേരിടാൻ കഴിയാത്തത് കോൺഗ്രസിന്റെ ദൗർബല്യമാണ്. ദേശീയ തലത്തിലും കോൺഗ്രസ് സജീവമല്ല. ഗ്രൂപ്പുകാരനായി പ്രവർത്തിച്ച് പാർട്ടിക്കുള്ളിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ചാക്കോ പറഞ്ഞു.
അതേസമയം, തന്റെ അടുത്ത രാഷ്ട്രീയ നീക്കം എന്താണെന്നുള്ള കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നേരത്തെ ചാക്കോ എൻസിപിയിലേക്ക് പോകുമെന്ന് വാർത്തകളുണ്ടായിരുന്നു.