സിജോ പൈനാടത്ത്
കൊച്ചി: അരനൂറ്റാണ്ടു പിന്നിട്ട രാഷ്ട്രീയ ജീവിതത്തില്‍ കര്‍ക്കശമായ നിലപാടും കടുത്ത തീരുമാനങ്ങളും കൊണ്ടു പലരെയും ഞെട്ടിച്ച പി.സി. ചാക്കോ, കോണ്‍ഗ്രസിന്റെ പടിയിറങ്ങാനുള്ള തീരുമാനത്തിലും അതാവര്‍ത്തിക്കുന്നു.
പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുമ്പോഴും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡല്‍ഹി രാഷ്്ട്രീയവുമായൊക്കെയുള്ള ഊഷ്മളമായ ബന്ധം അദ്ദേഹം മുറിച്ചുമാറ്റാനിടയില്ലെന്ന പൊതുധാരണയാണ് ഇപ്പോള്‍ തെറ്റിയത്.
അതും തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ അദ്ദേഹത്തിന്റെ പരസ്യ പോർവിളി പാർട്ടിക്കു പരമാവധി പരിക്കേൽപ്പിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമാണോയെന്നും പാർട്ടി സംശയിക്കുന്നു. ഇടഞ്ഞു നിന്ന ചാക്കോയുടെ പോക്ക് അത്ര വലിയ ഷോക്ക് ഒന്നുമില്ലെന്നു നേതാക്കൾ പറയുന്നു.
അതേസമയം, പോകുന്ന പോക്കിൽ അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ പാർട്ടിയെ പ്രതിരോധത്തിൽ ആക്കുന്നതാണ്.തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലും യൂണിവേഴ്സിറ്റി കോളജിലുമുള്ള പഠന കാലഘട്ടം മുതല്‍ രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലുണ്ട്.
കെഎസ്യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, ദേശീയ ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ക്കു ശേഷമാണു 1975 ല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാവുന്നത്.
അങ്ങോട്ടും ഇങ്ങോട്ടും
കോണ്‍ഗ്രസ് -യു രൂപീകരിച്ചപ്പോള്‍, ഇടതുപക്ഷത്തേക്കു ചാഞ്ഞു. അങ്ങനെ 1980 ല്‍ പിറവം മണ്ഡലത്തെ പ്രതിനിധീകരിച്ചു നിയമസഭയിലെത്തി. ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി.
അടുത്ത വര്‍ഷം കോണ്‍ഗ്രസ് -യു ഇടതുമുന്നണി വിടാന്‍ തീരുമാനിച്ചെങ്കിലും പി.സി. ചാക്കോയും ഒരു വിഭാഗവും ശരത് പവാറിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയായി ഇടതുപക്ഷത്തു തുടര്‍ന്നു. പിന്നീട് കോണ്‍ഗ്രസ് -എസിലെത്തിയ ചാക്കോ 1982ല്‍ അതിന്റെ സംസ്ഥാന പ്രസിഡന്റായി. വൈകാതെ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി.
നാലു ലോക്സഭകളില്‍ പി.സി. ചാക്കോ എന്ന പ്രഗല്ഭനായ പാര്ലമെന്റേറിയന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. 1991 തൃശൂരില്‍ നിന്നു വിജയിച്ചാണു ആദ്യമായി ലോക്സഭയിലെത്തുന്നത്. 1996 ല്‍ ചാലക്കുടിയുടെ (പഴയ മുകുന്ദപുരം) എംപിയായി.
1998ല്‍ ഇടുക്കിയിലും 2009 ല്‍ തൃശൂരിലും വിജയിച്ചു. നാലു തവണ ലോക്സഭാംഗമായതിന്റെ അനുഭവസമ്പത്തും പ്രവര്‍ത്തന മികവും കൈമുതലാക്കി 2014ല്‍ ചാലക്കുടിയില്‍ അങ്കത്തിനിറങ്ങിയെങ്കിലും ഇന്നസെന്റിനോടു പരാജയപ്പെട്ടു.
ടു ജി സ്പെക്ട്രം ടെലികോം ലൈസന്‍സുമായി ബന്ധപ്പെട്ടുയര്‍ന്ന ആക്ഷേപങ്ങള്‍ അന്വേഷിക്കുന്നതിനു രൂപീകരിച്ച ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിയുടെയും (ജെപിസി), പ്രിവിലേജ് കമ്മിറ്റിയുടെയും അധ്യക്ഷനായിരുന്നു.
യുപിഎ ഭരണകാലത്തു ലോക്സഭാ സ്പീക്കറുടെ അസാന്നിധ്യത്തില്‍ പാര്‍ലമെന്റ് നടപടികള്‍ നിയന്ത്രിക്കാന്‍ സ്പീക്കറുടെ കസേരയിലും ചാക്കോ ശ്രദ്ധനേടി.ലോക വ്യാപാര സംഘടനയുടെ (ഡബ്ലിയുടിഒ) പാര്ലമെന്റേറിയന് ഫോറത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള പി.സി. ചാക്കോ, ഒടുവില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.